ലോകകപ്പ് യോഗ്യത നേടിയാൽ സുവാരസിന് അത്ലറ്റികോ മാഡ്രിഡിൽ തുടരണം, ജൂണിൽ തീരുമാനമെടുക്കാൻ സ്പാനിഷ് ക്ലബ്


അത്ലറ്റികോ മാഡ്രിഡിനെ സംബന്ധിച്ച് ഈ സീസണു ശേഷം അവർ എടുക്കേണ്ട പ്രധാനപ്പെട്ട തീരുമാനം യുറുഗ്വായ് സ്ട്രൈക്കർ ലൂയിസ് സുവാരസിനെ സംബന്ധിച്ചാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് അതു പുതുക്കി നൽകണോ, അതോ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനനുവദിക്കണോ എന്നതിനെ സംബന്ധിച്ച് അത്ലറ്റികോ മാഡ്രിഡ് ഒരു നിർണായക തീരുമാനം എടുക്കേണ്ടതുണ്ട്.
ഇതുവരെയും സുവാരസിന്റെ കരാർ പുതുക്കാനുള്ള ഒരു നീക്കവും അത്ലറ്റികോ മാഡ്രിഡിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മാർക്ക റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം യുറുഗ്വായ് ലോകകപ്പിനു യോഗ്യത നേടുകയാണെങ്കിൽ അത്ലറ്റികൊക്കൊപ്പം തന്നെ തുടരാനാണ് സുവാരസ് ആഗ്രഹിക്കുന്നത്. ഇതുവഴി ടൂർണമെന്റിന് ഏറ്റവും മികച്ച രീതിയിൽ തന്നെ തയ്യാറെടുക്കാൻ കഴിയുമെന്ന് താരം പ്രതീക്ഷിക്കുന്നു.
എന്നാൽ കരാർ പുതുക്കി നൽകുന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇപ്പോൾ നൽകാൻ അത്ലറ്റികോ മാഡ്രിഡ് ഒരുക്കമല്ല. നിലവിൽ മോശം ഫോമിൽ കളിക്കുന്ന സുവാരസ് സീസണിന്റെ രണ്ടാം പകുതിയിൽ നടത്തുന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയാവും അതിൽ ക്ലബ് തീരുമാനമെടുക്കുക. ഇക്കാര്യം പരിശീലകനായ സിമിയോണി സുവാരസിനെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സുവാരസിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ഒരു വർഷം കൂടി കരാർ നീട്ടാനുള്ള ഉടമ്പടി അത്ലറ്റികോ ഉപയോഗിക്കും. താരം മോശം പ്രകടനമാണ് നടത്തുന്നതെങ്കിൽ അടുത്ത സീസണിലേക്ക് പകരക്കാരൻ സ്ട്രൈക്കർമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അത്ലറ്റികോ ആരംഭിച്ചിട്ടുമുണ്ട്. ബെൻഫിക്കയുടെ യുറുഗ്വായ് താരമായ ഡാർവിൻ നുനസ്, എൽഷെയുടെ അർജന്റീന താരമായ ലൂക്കാസ് ബോയെ എന്നിവരാണ് അത്ലറ്റികോയുടെ ലിസ്റ്റിലുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.