ഹാലൻഡോ എംബാപ്പയോ? അടുത്ത തലമുറയിലെ മികച്ച സ്‌ട്രൈക്കറെ വെളിപ്പെടുത്തി ലൂയിസ് സുവാരസ്

Sreejith N
Atletico de Madrid v Deportivo Alavés - La Liga Santander
Atletico de Madrid v Deportivo Alavés - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് സുവാരസ്. ബുദ്ധിമുട്ടേറിയ ആംഗിളുകളിൽ നിന്നു വരെ ഗോളുകൾ കണ്ടെത്താൻ കഴിയുന്ന താരം സഹതാരങ്ങൾക്ക് വേണ്ടി ഗോളവസരങ്ങൾ ഒരുക്കുന്നതിലും വളരെ പ്രഗൽഭനാണ്. ബാഴ്‌സലോണയിൽ മെസിക്കൊപ്പമാണ് യുറുഗ്വായ് താരം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നത്.

സുവാരസടക്കം ഫുട്ബോൾ ലോകത്ത് തങ്ങളുടെ ഒരു കാലഘട്ടം എഴുതിച്ചേർത്ത നിരവധി താരങ്ങൾ കരിയറിന്റെ അവസാന സമയത്തേക്ക് കടന്നു കൊണ്ടിരിക്കെ ആരാവും അടുത്ത തലമുറയിൽ ഇവർക്ക് പകരക്കാരാവുകയെന്ന ചർച്ചകൾ സജീവമാണ്. നിലവിൽ യൂറോപ്പിൽ മികച്ച പ്രകടനം നടത്തുന്ന ഡോർട്മുണ്ട് താരം എർലിങ് ഹാലൻഡും പിഎസ്‌ജി താരം എംബാപ്പയുമാണ് ചർച്ചകളിൽ ഉയർന്നു വരുന്ന പ്രധാന പേരുകൾ.

കഴിഞ്ഞ ദിവസം ജെറാർഡ് റൊമേരോയുമായി ട്വിച്ചിൽ സംസാരിക്കുമ്പോൾ ഹാലാൻഡ്, എംബാപ്പെ എന്നിവരിൽ ഏറ്റവും മികച്ച സ്‌ട്രൈക്കറാവാൻ സാധ്യതയുള്ള താരം ഹാലൻഡാണെന്നാണ് സുവാരസ് പറഞ്ഞത്. "അതിശയിപ്പിക്കുന്ന നിലവാരത്തിൽ കളിക്കുന്ന മികച്ച കളിക്കാരനാണ് അദ്ദേഹം. ശാരീരികശേഷിയിലും താരം വളരെ മുന്നിൽ നിൽക്കുന്നു. ലോകഫുട്ബോളിൽ ഒരു യുഗത്തെ തന്നെ അടയാളപ്പെടുത്താൻ കഴിയുന്ന മികച്ച നമ്പർ 9 ആണ് താരം."

എംബാപ്പെ വളരെ മികച്ച താരമാണെങ്കിലും ഹാലാൻഡ് ഒന്നുകൂടി മുന്നിൽ നിൽക്കുന്നുവെന്നും സുവാരസ് കൂട്ടിച്ചേർത്തു. ലോകഫുട്ബോളിലെ ഭാവി വാഗ്‌ദാനങ്ങളായി കരുതപ്പെടുന്ന രണ്ടു താരങ്ങൾ ഈ സീസണിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. എംബാപ്പെ പിഎസ്‌ജിക്ക് വേണ്ടി 36 മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ നേടിയപ്പോൾ ഡോർട്മുണ്ടിനായി 31 മത്സരങ്ങളിൽ നിന്നും 33 ഗോളുകളാണ് ഹാലാൻഡ്‌ നേടിയത്.

രണ്ടു താരങ്ങളും അവരുടെ ടീമിനെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചുവെങ്കിലും ഈ സീസണ് ശേഷം ഇരുവരും ക്ലബ് വിടാനുള്ള സാധ്യത ഏറെയാണ്. എംബാപ്പെ റയൽ മാഡ്രിഡ്, ലിവർപൂൾ എന്നീ ക്ലബുകളിലേക്ക് ചേക്കേറാനുള്ള സാധ്യതയുള്ളപ്പോൾ ഹാലാൻഡിനായി ഒട്ടുമിക്ക വമ്പൻ ക്ലബുകളും ശ്രമം നടത്തുന്നുണ്ട്.

facebooktwitterreddit