സൗഹൃദം കളിക്കളത്തിലില്ല, മെസിയെയും നെയ്മറെയും നേരിടുന്നതിനെപ്പറ്റി സുവാരസ്


അടുത്തു നടക്കാനിരിക്കുന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീന, ബ്രസീൽ എന്നിവരെ നേടുന്നതിലും ലയണൽ മെസി, നെയ്മർ എന്നിവരെ അഭിമുഖീകരിക്കാൻ കഴിയുന്നതിലും സന്തോഷം പ്രകടിപ്പിച്ച് യുറുഗ്വായ് താരം ലൂയിസ് സുവാരസ്. തന്റെ സുഹൃത്തുക്കളായ രണ്ടു താരങ്ങളെയാണ് അടുത്തടുത്ത രണ്ടു മത്സരങ്ങളിൽ നേരിടുന്നതെങ്കിലും അവരോടുള്ള സൗഹൃദം കളിക്കളത്തിൽ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും സുവാരസ് നൽകി.
ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച മുന്നേറ്റനിര സഖ്യങ്ങളിൽ ഒന്നായിരുന്ന ബാഴ്സലോണയുടെ എംഎസ്എൻ ത്രയത്തിന്റെ ഭാഗമായിരുന്ന താരങ്ങളായിരുന്നു മെസിയും സുവാരസും നെയ്മറും. ഈ സീസണിൽ മെസിയും നെയ്മറും പിഎസ്ജിയിൽ ഒരുമിച്ചപ്പോൾ കഴിഞ്ഞ സീസണിൽ തന്നെ ബാഴ്സലോണ വിട്ട സുവാരസ് അത്ലറ്റികോ മാഡ്രിഡിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
"തീർച്ചയായും ആ കണ്ടുമുട്ടൽ, സുഹൃത്തുക്കളായ ലയണൽ മെസി, നെയ്മർ എന്നിവരെ വീണ്ടും കാണാൻ കഴിയുകയെന്നത് വളരെ സ്പെഷ്യലായ കാര്യമാണ്. എന്നാൽ കളിക്കളത്തിൽ ഒരു തരത്തിലുള്ള സൗഹൃദത്തിനും ഇടം നൽകാൻ കഴിയില്ല," കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ലൂയിസ് സുവാരസ് പറഞ്ഞു. തന്റെ മുപ്പത്തിനാലാം വയസിൽ ബാലൺ ഡി ഓർ പട്ടികയിൽ ഇടം നേടിയതിലുള്ള സന്തോഷവും താരം പ്രകടിപ്പിച്ചു.
"ഒരു യുറുഗ്വായനെന്ന നിലയിൽ, ഈ പ്രായത്തിൽ അവരിലൊരാൾ ഫുട്ബോൾ ലോകത്തിന്റെ നിറുകയിൽ നിൽക്കുന്നത് എല്ലാ യുറുഗ്വായ്ക്കാർക്കും അഭിമാനമുള്ള കാര്യമാണ്. വ്യക്തിപരമായി അതെനിക്ക് വലിയൊരു അഭിനന്ദനമാണ്. മുൻനിരയിൽ തന്നെ തുടരാൻ വേണ്ടി ഞാൻ മെച്ചപ്പെടുകയും പോരാടുകയും അധ്വാനിക്കുകയും ചെയ്യും. അത്ലറ്റികോ മാഡ്രിഡാണ് എനിക്ക് മുൻനിരയിൽ തുടരാനുള്ള അവസരം നൽകിയത്," സുവാരസ് പറഞ്ഞു.
ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചു മണിക്കാണ് യുറുഗ്വായ് കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയെ നേരിടുന്നത്. അതിനു ശേഷം ഒക്ടോബർ പതിനഞ്ചിനു രാവിലെ ആറു മണിക്കുള്ള മത്സരത്തിൽ അവർ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത ഗ്രൂപ്പ് ലീഡേഴ്സായ ബ്രസീലിനെതിരെയും കളിക്കും.