Transfers

ഹാളർക്കു പകരക്കാരനായി ലൂയിസ് സുവാരസ് ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറാൻ സാധ്യത

Sreejith N
Luis Suarez Offered To Borussia Dortmund
Luis Suarez Offered To Borussia Dortmund / Angel Martinez/GettyImages
facebooktwitterreddit

ടെസ്റ്റിക്കുലാർ ക്യാൻസർ കണ്ടെത്തിയ ബൊറൂസിയ ഡോർട്മുണ്ട് താരം സെബാസ്റ്റ്യൻ ഹാളർക്ക് പകരക്കാരനായി ലൂയിസ് സുവാരസ് ജർമൻ ക്ലബ്ബിലേക്ക് ചേക്കേറാൻ സാധ്യതയേറുന്നു. അത്ലറ്റികോ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായ യുറുഗ്വായ് താരം ബോറുസിയ ഡോർട്മുണ്ടിനു തന്റെ സേവനങ്ങൾ വാഗ്‌ദാനം ചെയ്‌തുവെന്ന് സ്കൈ ജർമനി റിപ്പോർട്ടു ചെയ്യുന്നു.

എർലിങ് ബ്രൂട് ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു പകരക്കാരനെന്ന നിലയിലാണ് ഐവറി കോസ്റ്റ് താരമായ ഹാളറെ ജർമൻ ക്ലബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഡച്ച് ലീഗിലെ ടോപ് സ്കോററാവുകയും ചാമ്പ്യൻസ് ലീഗിൽ പതിനൊന്നു ഗോളുകൾ നേടുകയും ചെയ്‌ത ഹാളർ ഡോർട്മുണ്ടിൽ തിളങ്ങുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് താരം കാൻസർ ബാധിതനായത്.

മുപ്പത്തിയൊന്നു മില്യൺ യൂറോ നൽകി അയാക്‌സിൽ നിന്നും ഡോർട്മുണ്ട് സ്വന്തമാക്കിയ ഹാളർക്ക് തിങ്കളാഴ്‌ചയാണ്‌ കാൻസർ സ്ഥിരീകരിച്ചത്. സ്വിറ്റ്‌സർലൻഡിൽ വെച്ചു നടന്ന പ്രീ സീസൺ പരിശീലനത്തിൽ നിന്നും മടങ്ങേണ്ടി വന്ന താരത്തിനു പിന്നീട് നടന്ന പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. ഇതോടെ ഹാളറിന്റെ സേവനം ഡോർട്മുണ്ടിന് പ്രതീക്ഷിക്കാൻ കഴിയില്ല.

ഹാളർ പുറത്തു പോയതോടെ പുതിയൊരു സ്‌ട്രൈക്കറെ സ്വന്തമാക്കേണ്ടത് ബൊറൂസിയ ഡോർട്മുണ്ടിന് അത്യാവശ്യമാണ്. ജർമൻ ക്ലബ് നോട്ടമിടുന്ന സ്‌ട്രൈക്കർമാരിൽ ഫ്രീ ഏജന്റായ ലൂയിസ് സുവാരസുമുണ്ട്. ഈ സാഹചര്യത്തിലാണ് സുവാരസിന്റെ സേവനങ്ങൾ താരത്തിന്റെ ഏജന്റ് ഡോർട്മുണ്ടിന് ഓഫർ ചെയ്‌തത്‌.

സുവാരസിനായി ബൊറൂസിയ ഡോർട്മുണ്ട് ഓഫർ നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ട്രാൻസ്‌ഫർ നടന്നാൽ ഒരു യൂറോപ്യൻ ക്ലബിൽ തന്നെ തുടർന്ന് ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകളിൽ കളിക്കാൻ താരത്തിന് വീണ്ടും അവസരം ലഭിക്കും. ഇതുവഴി ഖത്തർ ലോകകപ്പിനു മികച്ച രീതിയിൽ തയ്യാറെടുക്കാനും മുപ്പത്തിയഞ്ചുകാരനായ സുവാരസിനാകും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit