ലെവൻഡോസ്കി ഇത്തവണ ബാലൺ ഡി ഓർ നേടിയില്ലെങ്കിൽ തന്റെ ബാലൺ ഡി ഓർ നൽകുമെന്ന് ലൂയിസ് സുവാരസ്


ബയേൺ മ്യൂണിക്ക് താരമായ റോബർട്ട് ലെവൻഡോസ്കി ഈ വർഷം ബാലൺ ഡി ഓർ പുരസ്കാരം നേടിയില്ലെങ്കിൽ താൻ നേടിയ ബാലൺ ഡി ഓർ താരത്തിനു നൽകാമെന്ന് ഇന്റർ മിലാൻ, ബാഴ്സലോണ എന്നീ ക്ലബുകളുടെ മുൻ താരമായ ലൂയിസ് സുവാരസ് മിരമോണ്ടെസ്. 1953 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ സീനിയർ തലത്തിൽ കളിച്ചിരുന്ന സ്പാനിഷ് താരം 1960ലെ ബാലൺ ഡി ഓർ പുരസ്കാരമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് പോളണ്ട് സ്ട്രൈക്കറായ റോബർട്ട് ലെവൻഡോസ്കി. എന്നാൽ ആറു ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേരത്തെ സ്വന്തമാക്കിയ ലയണൽ മെസി പുരസ്കാരത്തിനുള്ള പോരാട്ടത്തിൽ താരത്തിനു കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുവാരസിന്റെ പ്രതികരണം.
?️ "Give Lewandowski the Ballon d'Or, damn it!"
— SPORTbible (@sportbible) November 4, 2021
What a remarkable show of respect. Robert Lewandowski deserved last year's award and someone is taking matters into their own hands! ??https://t.co/Dypd3gqAp1
"ലെവൻഡോസ്കിക്ക് ബാലൺ ഡി ഓർ നൽകൂ. നിങ്ങളതു ചെയ്തില്ലെങ്കിൽ ഞാൻ എന്റെ ബാലൺ ഡി ഓർ അദ്ദേഹത്തിനു നൽകും," കറൂസെൽ ഡിപോർറ്റീവോയോട് സംസാരിക്കുമ്പോൾ ലൂയിസ് സുവാരസ് പറഞ്ഞു.
അതേസമയം തന്റെ നേട്ടങ്ങളാണ് ബാലൺ ഡി ഓർ നേടുമോ ഇല്ലയോ എന്ന കാര്യത്തിൽ സംസാരിക്കുകയെന്നാണ് മുൻപ് മാർക്കക്ക് നൽകിയ അഭിമുഖത്തിൽ ലെവൻഡോസ്കി പറഞ്ഞത്. അതു നേടാൻ സാധ്യതയുള്ള താരമായി ഉയർന്നു വന്നതിൽ വളരെ സന്തോഷമുണ്ടെന്നു വ്യക്തമാക്കിയ താരം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ കഴിഞ്ഞ സീസണിൽ കോവിഡ് മൂലം പുരസ്കാരം റദ്ദാക്കിയതിലുള്ള നിരാശയും പങ്കു വെച്ചിരുന്നു.
നവംബർ ഇരുപത്തിയൊൻപതിനു ഫ്രാൻസിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം പ്രഖ്യാപിക്കുക. മെസി, ലെവൻഡോസ്കി എന്നിവർക്കു പുറമെ ഇറ്റാലിയൻ താരം ജോർജിന്യോ, ഫ്രഞ്ച് താരം കരിം ബെൻസിമ എന്നിവർക്കാണ് ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.