മെസിക്ക് എതിരാളികളാരുമില്ല, 2021ലെ ബാലൺ ഡി ഓർ അർജന്റീനിയൻ താരം തന്നെ നേടുമെന്ന് ലൂയിസ് സുവാരസ്

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-ARG-URU
FBL-WC-2022-SAMERICA-QUALIFIERS-ARG-URU / JUAN MABROMATA/GettyImages
facebooktwitterreddit

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസി നേടുമെന്ന് താരത്തിന്റെ അടുത്ത സുഹൃത്തും അത്ലറ്റികോ മാഡ്രിഡ് ഫോർവേഡുമായ ലൂയിസ് സുവാരസ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ നിരവധി താരങ്ങൾക്ക് ബാലൺ ഡി ഓർ നേടാൻ ഒരുപോലെ സാധ്യതയുണ്ടെങ്കിലും മെസിക്ക് എതിരാളികളായി ആരും തന്നെയില്ലെന്നാണ് ലൂയിസ് സുവാരസ് പറയുന്നത്.

പുരസ്‌കാരത്തിനുള്ള മുപ്പതു പേരുടെ അന്തിമ പട്ടികയിൽ ഇടം പിടിച്ച മെസി കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കു വേണ്ടിയും അർജന്റീനക്കു വേണ്ടിയും നടത്തിയ പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കുന്നതെന്നാണ് സുവാരസ് പറയുന്നത്. കഴിഞ്ഞ സീസണിൽ ലാ ലിഗ ടോപ് സ്‌കോറർ ആയിരുന്ന മെസി കോപ്പ അമേരിക്ക ടൂർണമെന്റിലും ടോപ് സ്കോററായി അർജന്റീനക്ക് കിരീടം സമ്മാനിച്ചിരുന്നു.

"ബാഴ്‌സലോണക്കൊപ്പം കോപ്പ ഡെൽ റേ കിരീടം മാത്രമേ നേടിയുള്ളൂവെങ്കിലും വ്യക്തിപരമായി വളരെ മികച്ചൊരു വർഷം പൂർത്തിയാക്കിയ ലയണൽ മെസി പുരസ്‌കാരം അർഹിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്. ലാ ലീഗയിലെ ടോപ് സ്കോററും ടോപ് അസിസ്റ്റന്റ് എന്ന നിലയിലും കോപ്പ അമേരിക്കയിലെ ടോപ് സ്‌കോറർ, ടോപ് അസിസ്റ്റന്റ് എന്നീ നേട്ടങ്ങളോടെ കിരീടം സ്വന്തമാക്കിയതും അദ്ദേഹത്തിന്റെ സാധ്യതകളെ വർധിപ്പിക്കുന്നു."

"കാരണം ബാലൺ ഡി ഓറിൽ നിങ്ങൾ ഒരു വർഷം മാത്രം ചെയ്‌തതല്ല കണക്കാക്കുന്നത്. നിങ്ങൾ ഒരു കളിക്കാരനെന്ന നിലയിൽ ഓരോ വർഷങ്ങളിലും ചെയ്‌ത കാര്യങ്ങളും നോക്കിക്കാണും. അദ്ദേഹത്തിന് ഒരു എതിരാളിയുമില്ലെന്നാണ് ഞാൻ കരുതുന്നത്." അർജന്റീനിയൻ മാധ്യമമായ ഒലെ സ്പോർട്ടിനോട് സംസാരിക്കുമ്പോൾ സുവാരസ് വ്യക്തമാക്കി.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2021 ബാലൺ ഡി ഓറിന്റെ വോട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്. പുരസ്‌കാരം ആർക്കാണെന്ന കാര്യവും തീരുമാനിക്കപ്പെട്ടു എങ്കിലും അതിന്റെ പ്രഖ്യാപനം നവംബർ 29നായിരിക്കും. മെസിയാണ് പുരസ്‌കാരം നേടുന്നതെങ്കിൽ താരത്തിന്റെ കരിയറിലെ ഏഴാമത്തെ ബാലൺ ഡി ഓറായിരിക്കും അത്.

facebooktwitterreddit