ലൂയിസ് സുവാരസ് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരുന്നു? താരത്തെ ലക്ഷ്യമിട്ട് ആസ്റ്റൺ വില്ല

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടി കളിച്ച് പരിചയമുള്ള ലൂയിസ് സൂവാരസ് വീണ്ടും ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുന്നു. എന്നാല്‍ ഇത്തവണ എത്തുന്നത് ലിവര്‍പൂളില്‍ സുവാരസിനൊപ്പം കളിച്ച സ്റ്റീവന്‍ ജെറാഡിന്റെ കീഴില്‍ കളിക്കാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാഡ് റൊമേറോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്
ഒരാഴ്ച മുമ്പ് ലിവര്‍പൂളില്‍ ജെറാഡിന്റെ സഹതാരമായിരുന്ന ഫിലിപ്പ് കൂട്ടീഞ്ഞോയെ ബാഴ്‌സലോണയില്‍ നിന്ന് ആസ്റ്റണ്‍ വില്ല സ്വന്തമാക്കിയിരുന്നു. അതിന് ശേഷമാണ് ജെറാഡ് സുവാരസിന് വേണ്ടിയുള്ള നീക്കം നടത്തുന്നത്. സുവാരസുമായി ജെറാഡ് സംസാരിച്ചിട്ടുണ്ടെന്നും താരം വില്ലയിലേക്ക് പോകാന്‍ സന്നദ്ധനാണെന്നും റൊമേറോ റിപ്പോർട്ട് ചെയ്യുന്നു.
ഈ സീസണോടെ സുവാരസിന്റെ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള കരാര്‍ അവസാനിക്കും. കരാർ കാര്യത്തിൽ അത്ലറ്റിക്കോയുടെ നീക്കങ്ങളെ ആശ്രയിച്ചിരിക്കും സുവാരസിന്റെ ആസ്റ്റൺ വില്ലയിലേക്കുള്ള നീക്കം. സുവാരസിന് പുതിയ കരാർ അത്ലറ്റിക്കോ വാഗ്‌ദാനം ചെയ്തില്ലെങ്കിൽ, താരം വില്ലയിലേക്ക് ചേക്കേറാനുള്ള സാധ്യത വർദ്ധിക്കും.
2020ൽ ബാഴ്‌സലോണ വിട്ട് അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയ സുവാരസ്, 2020/21 സീസണിലെ അവരുടെ ലാ ലീഗ കിരീടനേട്ടത്തിൽ നിർണായകപങ്ക് വഹിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ താരത്തിന് ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.
27 മത്സരങ്ങളിൽ നിന്ന് ഒന്‍പത് ഗോളുകള്‍ നേടിയ സുവാരസിന് അവസാന പത്ത് മത്സരങ്ങളിൽ നിന്ന് ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.
അതേ സമയം, ജെറാഡ് പരിശീലകനായി എത്തിയതിന് ശേഷം ടീമില്‍ കാര്യമായ മാറ്റമാണ് ആസ്റ്റൺ വില്ല നടത്തുന്നത്. 20 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ആസ്റ്റണ്‍ വില്ല പ്രീമിയർ ലീഗ് പോയിന്റ് പട്ടികയില്‍ 13ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ലീഗില്‍ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശക്തമായ നീക്കത്തിലാണ് ജെറാഡും സംഘവും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.