Football in Malayalam

'റൊണാൾഡ് കൂമാന് വ്യക്തിത്വമില്ല'; ബാഴ്സലോണ പരിശീലകനെ വിമർശിച്ച് സുവാരസ്

Gokul Manthara
SD Eibar v FC Barcelona - La Liga Santander
SD Eibar v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫുട്ബോൾ ലോകം ഏറെ ചർച്ച ചെയ്ത ട്രാൻസ്ഫറുകളിലൊന്നായിരുന്നു ലൂയിസ് സുവാരസിന്റേത്. ആറ് സീസണുകളോളം ബാഴ്സലോണ ജേഴ്സിയിൽ നിറഞ്ഞു നിന്ന സുവാരസിന് ക്ലബ്ബ് വിടാൻ താല്പര്യമില്ലായിരുന്നുവെങ്കിലും ബോർഡിന്റേയും, പരിശീലക‌ൻ റൊണാൾഡ് കൂമാന്റേയും തീരുമാന പ്രകാരം അദ്ദേഹം ക്ലബ്ബ് വിടാൻ നിർബന്ധിതനാവുകയായിരുന്നു. കറ്റാലൻ ക്ലബ്ബിൽ നിന്ന് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോയ സുവാരസാകട്ടെ തകർപ്പൻ പ്രകടനത്തിലൂടെ ഈ‌ സീസണിലെ ലാലീഗ കിരീടത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു‌.

അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ലാലീഗ കിരീടം നേടിയതിന് ശേഷം മൈതാനത്തിരുന്ന സുവാരസ് വിതുമ്പിയത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കിയ ബാഴ്സലോണക്കെതിരെ ക്ലബ്ബിന്റെ ആരാധകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തു.

എന്നാൽ ബാഴ്സലോണ തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും തനിക്ക് ക്ലബ്ബിനോട് ഒരു തരത്തിലുള്ള‌ ദേഷ്യവുമില്ലെന്നും മറിച്ച് നന്ദി മാത്രമേയുള്ളൂവെന്നുമാണ് സുവാരസ് പറയുന്നത്. ബാഴ്സലോണ തനിക്ക് എല്ലാം തന്നുവെന്നും, ഫുട്ബോളിന്റെ ഉന്നത ശ്രേണിയിൽ കളിക്കാൻ അവർ തനിക്ക് അവസരം നൽകിയെന്നും ഇതിനൊപ്പം സുവാരസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ എൽപാർടിഡാസോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ‌ സമയം ക്ലബ്ബിനോട് നന്ദി മാത്രമേ തനിക്കുള്ളൂവെന്ന് പറയുന്ന സുവാരസ്, തന്റെ പുറത്താകലുമായി ബന്ധപ്പെട്ട് ബാഴ്സലോണ പ്രസിഡന്റ് ജോസപ് മരിയോ ബാർത്തോമ്യു ചെയ്ത പ്രവർത്തികളോടുള്ള അതൃപ്തിയും വ്യക്തമാക്കി. തന്നെ വിളിച്ചു നേരിട്ട് പറയുന്നതിന് പകരം മാധ്യമങ്ങൾക്ക് മുന്നിലാണ് ബാർത്തോമ്യു എല്ലാ കാര്യങ്ങളും പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ സുവാരസ്, മെസി ക്ലബിൽ നിന്ന് പോകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്ന സമയത്ത് അവിടെ നിൽക്കുന്നതിന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനും, അതു പോലെ തന്നെ ഗ്രീസ്മാനുമായി സംസാരിക്കാനും ക്ലബ്ബ് തന്നെ ഏർപ്പെടുത്തിയിരുന്നതായും വ്യക്തമാക്കി. ഇത് കൊണ്ടു തന്നെ താൻ ക്ലബ്ബ് വിട്ടു പോകണമെന്ന് ആഗ്രഹിക്കുമ്പോൾ എന്തു കൊണ്ട് ഇക്കാര്യം നേരിട്ട് വിളിച്ചു സംസാരിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും സുവാരസ് ചോദിക്കുന്നു.

ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ വ്യക്തിത്വമില്ലാത്തവനാണെന്നും സംസാരത്തിനിടെ ലൂയിസ് സുവാരസ് അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് ഉറുഗ്വെൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ, "റൊണാൾഡ് കൂമാൻ എന്റെ അടുക്കലെത്തി ഞാൻ അദ്ദേഹത്തിന്റെ ടീം പദ്ധതികളിലില്ലെന്ന് എന്നോട് പറഞ്ഞു. തനിക്ക് വേണ്ടത് മറ്റൊരു തരത്തിലുള്ള നമ്പർ 9 കളികാരനാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. പക്ഷേ മറ്റാരോ തന്നോട് ഇത് പറയാൻ ആവശ്യപ്പെട്ടതായാണ് അദ്ദേഹം പറഞ്ഞത്. മൂന്ന് മത്സരങ്ങളിൽ എന്നെ പുറത്തിരുത്തിയതിന് ശേഷം കൂമാൻ എന്നോട് പറഞ്ഞത് കാര്യങ്ങൾ ശരിയായില്ലെങ്കിൽ വിയ്യാറലിനെതിരായ മത്സരത്തിൽ എന്നെ ആശ്രയിക്കുമെന്നാണ്. അപ്പോളാണ് അദ്ദേഹത്തിന് അത്ര വലിയ വ്യക്തിത്വമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ തീരുമാനങ്ങളെല്ലാം മുകളിൽ നിന്ന്‌ വന്നതായിരുന്നു." സുവാരസ് പറഞ്ഞു നിർത്തി‌.

facebooktwitterreddit