Atletico Madrid News

അത്ലറ്റികോ മാഡ്രിഡിനോട് നിറകണ്ണുകളോടെ യാത്ര പറഞ്ഞ് ലൂയിസ് സുവാരസ്

Sreejith N
Luis Suarez Had Emotional Goodbye To Atletico Madrid Fans
Luis Suarez Had Emotional Goodbye To Atletico Madrid Fans / Juan Manuel Serrano Arce/GettyImages
facebooktwitterreddit

യുറുഗ്വായ് സ്‌ട്രൈക്കറായ ലൂയിസ് സുവാരസ് അടുത്ത സീസണിൽ അത്ലറ്റികോ മാഡ്രിഡിൽ ഉണ്ടാകില്ലെന്ന് ക്ലബ് സ്ഥിരീകരിച്ചു. ജൂണിൽ പൂർത്തിയാകുന്ന താരത്തിന്റെ കരാർ പുതുക്കുന്നില്ലെന്ന് ക്ലബ് തീരുമാനിച്ചതോടെയാണ് അത്ലറ്റികോ മാഡ്രിഡിനൊപ്പമുള്ള സുവാരസിന്റെ രണ്ടു വർഷം നീണ്ട കരിയറിന് അവസാനമായത്. സുവാരസിനു പുറമെ മെക്‌സിക്കൻ മധ്യനിര താരം ഹെക്റ്റർ ഹെരേരയും ക്ലബ് വിടുമെന്നും അത്ലറ്റികോ വ്യക്തമാക്കി.

ഇന്നലെ സെവിയ്യക്കെതിരെ വാൻഡ മെട്രോപ്പോളിറ്റാനോയിൽ നടന്ന ലാ ലിഗ മത്സരം സുവാരസിനെ സംബന്ധിച്ച അത്ലറ്റികോ മാഡ്രിഡിനൊപ്പമുള്ള അവസാനത്തെ ഹോം മാച്ച് ആയിരുന്നു. മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ സുവാരസ് രണ്ടാം പകുതിയിൽ സബ് ചെയ്യപ്പെട്ടപ്പോൾ കാണികളെല്ലാം എഴുന്നേറ്റു നിന്ന് കയ്യടികളോടെയാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്. നിറകണ്ണുകളോടെയാണ് സുവാരസ് ആരാധകരോട് വിട പറഞ്ഞതും.

രണ്ടു സീസണുകൾ മാത്രമേ അത്ലറ്റികോ മാഡ്രിഡിനൊപ്പം കളിച്ചിട്ടുള്ളൂവെങ്കിലും അത്ലറ്റികോ മാഡ്രിഡ് ആരാധകരുടെ ഹീറോയാണ് ലൂയിസ് സുവാരസ്. ബാഴ്‌സലോണയിൽ നിന്നും ടീമിലേക്ക് ചേക്കേറിയ ആദ്യ സീസണിൽ അത്ലറ്റികോ മാഡ്രിഡിന്റെ ടോപ് സ്കോററായി വർഷങ്ങൾക്കു ശേഷം ടീമിന് ലീഗ് കിരീടം നേടിക്കൊടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. "ഞങ്ങളെ ലാ ലിഗ ചാമ്പ്യന്മാരാക്കിയതിനു നന്ദി സുവാരസ്" എന്ന ബാനറും ഇന്നലെ സ്റ്റേഡിയത്തിൽ ആരാധകർ ഉയർത്തിയിരുന്നു.

അത്ലറ്റികോ മാഡ്രിഡിനൊപ്പം 65 മത്സരങ്ങൾ കളിച്ച് 32 ഗോളുകൾ നേടിയിട്ടുള്ള സുവാരസ് ആദ്യത്തെ സീസണിൽ 21 ലീഗ് ഗോളുകൾ നേടിയാണ് ടീമിന്റെ ടോപ് സ്‌കോറർ പട്ടം സ്വന്തമാക്കിയതും ലീഗ് കിരീടം നേടിയതും. എന്നാൽ ഈ സീസണിൽ ഫോം നഷ്‌ടമായ താരത്തിനു 11 ഗോളുകൾ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ.

അത്ലറ്റികോ മാഡ്രിഡ് വിടുന്ന സുവാരസിന്റെ അടുത്ത ലക്‌ഷ്യം എവിടേക്കാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. എംഎൽഎസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നു വരുന്നുണ്ടെങ്കിലും യൂറോപ്പിൽ തന്നെ തുടരാനാണ് സുവാരസിന് താൽപര്യം. യൂറോപ്പിലെ ഏതെങ്കിലും പ്രധാനപ്പെട്ട ക്ലബിൽ തുടർന്ന് ഖത്തർ ലോകകപ്പിനു മികച്ച രീതിയിൽ തയ്യാറെടുക്കുക എന്നതാണ് താരം ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit