Football in Malayalam

മെസി പിഎസ്‌ജിയിൽ ബുദ്ധിമുട്ടുന്നതിന്റെ കാരണമെന്ത്, താരവുമായി നടത്തിയ ചാറ്റിങ് വെളിപ്പെടുത്തി സുവാരസ്

Sreejith N
Argentina v Uruguay - FIFA World Cup 2022 Qatar Qualifier
Argentina v Uruguay - FIFA World Cup 2022 Qatar Qualifier / Daniel Jayo/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്കു ചേക്കേറിയ ലയണൽ മെസി ഫ്രാൻസിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നു സ്ഥിരീകരിച്ച് താരത്തിന്റെ അടുത്ത സുഹൃത്തും മുൻ സഹതാരവുമായ ലൂയിസ് സുവാരസ്. മെസിയുമായി നടത്താറുള്ള സ്വകാര്യ ചാറ്റിങ്ങിനിടയിൽ ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും സുവാരസ് കഴിഞ്ഞ ദിവസം ടിഎൻടി സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് തന്റെ കഴിവിന്റെ അടുത്തെത്തുന്ന പ്രകടനം ഇതുവരെയും ടീമിനൊപ്പം നടത്താൻ കഴിഞ്ഞിട്ടില്ല. ലീഗിൽ നിരവധി മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രം നേടിയ താരത്തിന് ഇതുവരെയും ടീമിനൊപ്പം ഇണങ്ങിച്ചേരാൻ കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാണ്. മെസിയുടെ അടുത്ത സുഹൃത്തെന്ന നിലയിൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു സുവാരസ്.

"ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കാറുണ്ട്, പ്രതീക്ഷകൾ ഒഴിവാക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. കാരണം ഞങ്ങൾ കളിക്കാരാണ്, ആ ദിവസങ്ങളിൽ എങ്ങിനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് ഞങ്ങൾക്കറിയാം. മത്സരങ്ങളെക്കുറിച്ചും കുടുംബത്തിലെ കാര്യങ്ങളെപ്പറ്റിയുമെല്ലാം ഞങ്ങൾ സംസാരിക്കുന്നു."

"തണുപ്പിൽ കളിക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടുന്നതായി അവൻ എന്നോട് പറഞ്ഞിരുന്നു, മഞ്ഞുവീഴ്‌ചയും [താരത്തിന്റെ പതർച്ചക്ക് കാരണമാവുന്നുണ്ട്]. അവിടത്തെ തണുപ്പു നിറഞ്ഞ കാലാവസ്ഥ എങ്ങിനെയാണെന്ന് നിങ്ങൾ ശീലിക്കണം," സുവാരസ് ടിഎൻടി സ്പോർട്ടിനോട് മെസിയെക്കുറിച്ച് പറഞ്ഞു.

ഫ്രഞ്ച് ലീഗുമായി ഇണങ്ങിച്ചേരാൻ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മെസി ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ ആർസി ലെൻസിനെ നേരിടാൻ ഒരുങ്ങുകയാണ്. ഫ്രഞ്ച് ലീഗിലെ ഒന്നാം സ്ഥാനത്തിന് പിഎസ്‌ജിക്ക് നിലവിൽ ഭീഷണിയൊന്നും ഇല്ലെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്‌നം സഫലമാക്കാൻ ടീമിന്റെയും മെസിയുടെയും ഏറ്റവും മികച്ച പ്രകടനം ആവശ്യമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit