La Liga

ബാഴ്‌സ വിലമതിച്ചില്ലെങ്കിലും എന്നിൽ വിശ്വാസമർപ്പിച്ച അത്ലറ്റികോ മാഡ്രിഡിനു നന്ദി, ലാ ലിഗ ജയത്തിൽ കണ്ണീരോടെ സുവാരസ്

Sreejith N
Real Valladolid v Atletico Madrid - La Liga Santander
Real Valladolid v Atletico Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

റയൽ വയ്യഡോളിഡിനെതിരെ നടന്ന അവസാന ലാ ലിഗ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിന്റെ വിജയഗോൾ നേടി ലീഗ് കിരീടം സ്വന്തമാക്കി നൽകിയതിനു ശേഷം വികാരഭരിതനായി യുറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ്. മത്സരത്തിനു ശേഷം മൈതാനത്തിരുന്ന് പൊട്ടിക്കരഞ്ഞ സുവാരസ് സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണ നേതൃത്വം തന്നെ വിലമതിക്കാതെ ഒഴിവാക്കിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ച അത്ലറ്റികോ മാഡ്രിഡിന് നന്ദിയറിയിക്കുകയും ചെയ്‌തു.

റൊണാൾഡ്‌ കൂമാൻ പരിശീലകനായതിനു ശേഷമാണ് ബാഴ്‌സലോണ നേതൃത്വം സുവാരസിനെ ടീമിൽ നിന്നും ഒഴിവാക്കുന്നത്. ബാഴ്‌സലോണ വിടാൻ ആഗ്രഹമില്ലാതിരുന്ന സുവാരസ് പ്രതിഫലം വരെ ത്യജിക്കാൻ സന്നദ്ധനായിട്ടും പ്രായക്കൂടുതലെന്ന കാരണം മുൻനിർത്തി ഒഴിവാക്കിയ താരം ഈ സീസൺ അത്ലറ്റികോ മാഡ്രിഡിന്റെ ടോപ് സ്കോററായാണ് അവസാനിപ്പിച്ചത്.

"ബാഴ്‌സലോണ എന്നെ വിലമതിക്കാതിരുന്ന സമയത്ത് അത്ലറ്റികോ മാഡ്രിഡ് എനിക്കു മുന്നിൽ അവരുടെ വാതിലുകൾ തുറന്നിടുകയായിരുന്നു. എന്നിൽ പരിപൂർണ വിശ്വാസം അർപ്പിച്ച ഈ ക്ലബിനോട് ഞാനെന്നും വളരെയധികം കൃതജ്ഞതയുള്ളവനായിരിക്കും." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സുവാരസ് പറഞ്ഞു.

റയൽ വയ്യഡോളിഡിനെതിരെ നേടിയ ഗോളുൾപ്പെടെ ഈ സീസണിൽ ഇരുപത്തിയൊന്ന് തവണയാണ് സുവാരസ് അത്ലറ്റികോക്ക്‌ വേണ്ടി ലീഗിൽ വല കുലുക്കിയത്. അത്ലറ്റികോ മാഡ്രിഡിന് അതിനിർണായകമായ അവസാന രണ്ടു മത്സരങ്ങളിലും ടീമിനു പിന്നിൽ നിന്നുള്ള തിരിച്ചു വരവിലൂടെ വിജയം നേടാൻ സുവാരസിന്റെ ഗോളുകൾ കൊണ്ട് കഴിഞ്ഞിരുന്നു.

സുവാരസിന്റെ ഗോളുകൾ കൊണ്ട് മാത്രം പിന്നിൽ നിന്നും തിരിച്ചെത്തി ഈ സീസണിൽ 21 പോയിന്റുകളാണ് അത്ലറ്റികോ മാഡ്രിഡ് നേടിയെടുത്തത്. ലാ ലീഗയിൽ തന്നെ ഏറ്റവുമധികം പോയിന്റുകൾ ടീമിനു സമ്മാനിച്ച താരമാണ് ലൂയിസ് സുവാരസ്.

facebooktwitterreddit