ലൂയിസ് സുവാരസ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറുന്നതിനു തൊട്ടരികിൽ


അത്ലറ്റികോ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറിയ ലൂയിസ് സുവാരസ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലാണെന്നു റിപ്പോർട്ടുകൾ. യൂറോപ്പിൽ തന്നെ തുടരാൻ ലൂയിസ് സുവാരസിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും താരം അടുത്തതായി ചേക്കേറുന്നത് എംഎൽഎസ് ക്ലബിലേക്കാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മുപ്പത്തിയഞ്ചുകാരനായ താരം അമേരിക്കൻ ലീഗിലേക്കാണ് ചേക്കേറുന്നതെങ്കിലും മുൻപ് പ്രതീക്ഷിച്ചിരുന്നതു പോലെ അത് ഇന്റർ മിയാമിയിലേക്കല്ല. സിബിഎസ് സ്പോർട്ട്സ് ജേർണലിസ്റ്റായ ക്ലൗസ് ജർമൻ വെളിപ്പെടുത്തുന്നതു പ്രകാരം ലോസ് ഏഞ്ചൽസ് എഫ്സിയിലേക്കാണ് സുവാരസ് ട്രാൻസ്ഫർ പൂർത്തിയാക്കാൻ ഒരുങ്ങുന്നത്.
നേരത്തെ ബൊറൂസിയ ഡോർട്മുണ്ട് ലൂയിസ് സുവാരസിനെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യതകൾ ഇല്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നു. തന്റെ ട്രാൻസ്ഫറിനെ കുറിച്ച് ശ്രദ്ധാപൂർവമേ തീരുമാനം എടുക്കൂവെന്നും ലോകകപ്പ് വരെ അവസരങ്ങൾ കൃത്യമായി ലഭിക്കേണ്ടത് ആവശ്യമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ലൂയിസ് സുവാരസിനെ കൂടി സ്വന്തമാക്കിയാൽ മൂന്നാമത്തെ വമ്പൻ ട്രാൻസ്ഫറാണ് ലോസ് ഏഞ്ചൽസ് എഫ്സി നടത്തുന്നത്. ഇതിനു മുൻപ് യുവന്റസ് താരമായിരുന്ന കില്ലിനി, റയൽ മാഡ്രിഡ് കരാർ അവസാനിച്ച ഗാരെത് ബേൽ എന്നിവരെ അമേരിക്കൻ ക്ലബ് ടീമിന്റെ ഭാഗമാക്കിയിരുന്നു.