ലിവർപൂളിനെ പരാജയപ്പെടുത്താൻ അത്ലറ്റിക്കോ മാഡ്രിഡ് എന്ത് പദ്ധതികളാണ് തയ്യാറാക്കുന്നതെന്ന് വിശദീകരിച്ച് ലൂയിസ് സുവാസ്

By Gokul Manthara
FBL-EUR-C1-ATLETICO MADRID-LIVERPOOL
FBL-EUR-C1-ATLETICO MADRID-LIVERPOOL / JAVIER SORIANO/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഫുട്ബോൾ ലോകം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്നാണ് വ്യാഴാഴ്ച പുലർച്ചെ ലിവർപൂളും, അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ നടക്കാനിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ലിവർപൂൾ അത്ലറ്റിക്കോ മാഡ്രിഡിനെ 3-2 ന് വീഴ്ത്തിയിരുന്നു. എന്നാൽ അന്ന് സംഭവിച്ച പരാജയത്തിന് ഇക്കുറി പകരം വീട്ടാനാണ് അത്ലറ്റിക്കോ മാഡ്രിഡ് തയ്യാറെടുക്കുന്നത്.

ലിവർപൂളിനെതിരായ പോരാട്ടത്തിന് മുൻപ് യുവേഫ ഡോട്ട് കോമിനോട് സംസാരിക്കവെ മുൻപ് അവരോടേറ്റ പരാജയത്തെക്കുറിച്ച് മനസ് തുറന്ന അത്ലറ്റിക്കോ സൂപ്പർ താരം ലൂയിസ് സുവാരസ്, വരാനിരിക്കുന്ന മത്സരത്തിൽ അവരെ എങ്ങനെ നേരിടാനാണ് തങ്ങൾ തയ്യാറെടുക്കുന്നത് എന്ന കാര്യത്തിലും മനസ് തുറന്നു.

"തീർച്ചയായും ഓരോ ടീമിനും അതിന്റേതായ ശക്തിയും ദൗർബല്യങ്ങളുമുണ്ട്. തങ്ങളുടെ വേഗതയുള്ള അറ്റാക്കർമാർക്ക് പന്ത് ലഭിക്കുമ്പോൾ കൗണ്ടർ അറ്റാക്കിൽ ലിവർപൂൾ എത്ര മികച്ചവരാണെന്ന് നമുക്കറിയാം."

"ഞങ്ങൾ ചൂഷണം ചെയ്യേണ്ട ചില ബലഹീനതകൾ അവർക്കുണ്ടെന്ന് ഞങ്ങൾക്കറിയാം. അടുത്ത മത്സരത്തിൽ ഞങ്ങൾ അവരെ വീണ്ടും ചൂഷണം ചെയ്യണം. ഞങ്ങൾ കുറച്ച് ശ്രദ്ധിക്കേണ്ടതുണ്ട്, എന്തെന്നാൽ തങ്ങളുടെ ശക്തികൾ ഉപയോഗിക്കുന്നതിന് പുറമേ, അവർക്ക് അധികമായി ഒരു കളിക്കാരൻ കൂടിയുണ്ട്‌, അത് ആൻഫീൽഡിലെ ആൾക്കൂട്ടമാണ്, അത് (ലിവർപൂൾ ആരാധകർ) ഞങ്ങൾക്ക് കാര്യങ്ങൾ കഠിനമാക്കുന്നു," സുവാരസ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ആദ്യം മുതൽ അവസാന വിസിൽ വരെ മികച്ച ആത്മവിശ്വാസത്തോടെയും, വിജയതൃഷ്ണയോടെയും കളിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന സുവാരസ്, ഒരു നിമിഷം ശ്രദ്ധ പതറിയാൽ അതിന് വലിയ വില നൽകേണ്ടി വരുമെന്നും അഭിപ്രായപ്പെട്ടു. ലിവർപൂളിനെതിരെ മുൻപ് നടന്ന മത്സരത്തിൽ അതാണ് സംഭവിച്ചതെന്ന്‌ താൻ കരുതുന്നതായി പറഞ്ഞ സുവാരസ്, തങ്ങൾ അന്ന് വളരെ നന്നായി തുടങ്ങിയെന്നും, എന്നാൽ അതിശക്തരും, പരിചയസമ്പന്നരുമായ എതിരാളികൾ ആദ്യ 20, 25 മിനുറ്റുകളിൽ തങ്ങളേക്കാൾ മുന്നിട്ട് നിന്നുവെന്നും കൂട്ടിച്ചേർത്തു.

"ലിവർപൂളിനെതിരെ അതാണ് സംഭവിച്ചതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ വളരെ നന്നായി തുടങ്ങി. എന്നാൽ അവർ (ലിവർപൂൾ) വളരെ ശക്തരും, ബുദ്ധിമാന്മാരും, വളരെയധികം പരിചയസമ്പന്നരുമാണ്, ഞങ്ങൾ മത്സരത്തിൽ തിരിച്ചെത്തുന്നതു വരെ അവർ ആദ്യ 20-25 മിനുറ്റുകളിൽ മുന്നിട്ട് നിന്നു."

"അന്റോയിൻ ഗ്രീസ്മാൻ പുറത്തായതിന് ശേഷം ഞങ്ങൾ അല്പം താഴേക്ക് പോയി. കാരണം ഞങ്ങൾക്ക് ഒരാൾ കുറവായിരുന്നു. എന്നാൽ ഞങ്ങൾ അതേ നിലവാരത്തിൽ കളിച്ചു. വേഗത വളരെ കൂടുതലായിരുന്നു, പിന്നീട് അവരും കുറച്ച് കൂടി ആക്രമിക്കാൻ തുടങ്ങി, പെനാൽറ്റി വരെ," സുവാരസ് പറഞ്ഞു.

അതേ സമയം നേരത്തെ ലിവർപൂളും, അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന്‌ ഗോളുകൾക്ക് ചെമ്പട വിജയം കാണുകയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ മൊഹമ്മദ് സലയുടെ ഇരട്ട ഗോളുകളും, നബി കെയ്റ്റയുടെ ഗോളും ലിവർപൂളിന് വിജയം സമ്മാനിച്ചപ്പോൾ, അന്റോയിൻ ഗ്രീസ്മാനായിരുന്നു ആതിഥേയരുടെ രണ്ട് ഗോളുകളും സ്കോർ ചെയ്തത്.

facebooktwitterreddit