റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലാണ് എത്തിയിരുന്നതെങ്കിൽ ആരാധകരുമായി പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് ഫിഗോ


മാഞ്ചസ്റ്റർ സിറ്റിയെ തഴഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്താനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം ഉചിതമായിരുന്നുവെന്ന് മുൻ പോർച്ചുഗീസ് താരം ലൂയിസ് ഫിഗോ. യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് റൊണാൾഡോ എത്തിയിരുന്നതെങ്കിൽ ആരാധകരുമായി കുഴപ്പങ്ങൾ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും ഫിഗോ പറഞ്ഞു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനങ്ങളിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയത്. താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്നാണ് ആദ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതെങ്കിലും അപ്രതീക്ഷിതമായ നീക്കത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗീസ് നായകനെ ടീമിലേക്ക് തിരിച്ചു കൊണ്ടു വരികയായിരുന്നു.
Luis Figo on @Cristiano's return to #MUFC ?
— GiveMeSport (@GiveMeSport) September 22, 2021
? @FaniStipkovic pic.twitter.com/LI7UHjAbIY
"മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ സംബന്ധിച്ച് മികച്ചൊരു തിരഞ്ഞെടുപ്പാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം താരത്തിന് നന്നായി അറിയുന്ന സ്ഥലമാണവിടം. ക്ലബിനൊപ്പം ചരിത്രം സൃഷ്ടിച്ചിട്ടുള്ള താരത്തെ ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. കരിയറിന്റെ അവസാന ഘട്ടം ചിലവഴിക്കാൻ ഏറ്റവും മികച്ച സ്ഥലമാണവിടം." ഗിവ്മിസ്പോർട്ടിനോട് ഫിഗോ പറഞ്ഞു.
"എതിരാളികളുടെ ക്ലബ്ബിലേക്ക് പോയാൽ ആരാധകരിൽ നിന്നും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടു തന്നെ കുഴപ്പങ്ങൾ ഒഴിവാക്കാനും ക്ലബിനൊപ്പം കൂടുതൽ ചരിത്രം സൃഷ്ടിക്കാനും ഈ തീരുമാനം വളരെയധികം ഗുണം ചെയ്യും." ഫിഗോ വ്യക്തമാക്കി.
എതിർ ക്ലബിലേക്ക് ചേക്കേറി ആരാധകരുടെ രൂക്ഷമായ രോഷം ഏറ്റു വാങ്ങിയിട്ടുള്ള താരമാണ് ഫിഗോ. ബാഴ്സലോണയിൽ കളിച്ചിരുന്ന ഫിഗോ അവിടെ നിന്നും ബന്ധശത്രുക്കളായ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിന്റെ ഭാഗമായി ആരാധകർ താരത്തിനു നേരെ പന്നിത്തല എറിയുകയടക്കം ചെയ്തിട്ടുണ്ട്.