Football in Malayalam

സ്ലോവാക്യക്കെതിരെ ടീമിൽ മാറ്റങ്ങളുണ്ടായേക്കും, സ്പെയിൻ പുറത്തായാലും പരിശീലകസ്ഥാനം ഒഴിയില്ലെന്ന് ലൂയിസ് എൻറിക്വ

Sreejith N
Spain v Sweden - UEFA Euro 2020: Group E
Spain v Sweden - UEFA Euro 2020: Group E / David Ramos/Getty Images
facebooktwitterreddit

2020 യൂറോയിൽ സ്പെയിനിന്റെ തുടക്കം വളരെ മോശമായിരുന്നു. രണ്ടു മത്സരങ്ങൾ കളിച്ച ടീം രണ്ടിലും സമനില വഴങ്ങി. ക്രിയാത്മകതയില്ലാത്ത പാസിംഗ് ഗെയിം കളിക്കുന്ന ടീം സ്വീഡൻ, പോളണ്ട് എന്നിവർക്കെതിരെ നടന്ന രണ്ടു മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് നേടിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്ലോവാക്യയെ നേരിടാനിറങ്ങുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ വിജയം സ്പെയിനിനു അനിവാര്യമാണ്.

യൂറോയിലെ മോശം പ്രകനത്തെ തുടർന്ന് സ്പെയിനിനെതിരെയും പരിശീലകനായ എൻറിക്വക്കെതിരെയും വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നുണ്ട്. മുൻ ബാഴ്‌സലോണ പരിശീലകന്റെ തീരുമാനങ്ങളും കളിക്കളത്തിലെ തന്ത്രങ്ങളും വിമർശനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ടിരിക്കെ യൂറോയിൽ നിന്ന് സ്പെയിൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായാലും പരിശീലക സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ടൂർണമെന്റിൽ നിന്നും നേരത്തെ പുറത്തായാൽ പരിശീലക സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് "നിങ്ങളെന്നെ കളിയാക്കുകയാണോ, കരാർ പുതുക്കുന്നതിനെ കുറിച്ചാണു ഞാൻ ചിന്തിക്കുന്നത്" എന്നാണു എൻറിക്വ പറഞ്ഞത്. അതേസമയം ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

"ഇരുപത്തിനാലു താരങ്ങളിൽ ആർക്കും ടീമിന് വിജയം നേടിത്തരാൻ കഴിയുന്നവരാണ്. ചിലപ്പോൾ ടീമിൽ മാറ്റങ്ങളുണ്ടായേക്കാം, ഉണ്ടാകാതെയുമിരിക്കാം. ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. ഞങ്ങൾ തോൽക്കാൻ സാധ്യതയുണ്ടെന്നത് ഒരു സാധ്യതയാണ്. പക്ഷെ അത് സംഭവിക്കില്ലെന്നു ഞാൻ കരുതുന്നു." എൻറിക്വ വ്യക്തമാക്കി.

സ്ലോവാക്യക്ക് സമനില മാത്രം മതിയെന്നതു കൊണ്ട് വളരെ കടുപ്പമേറിയ പോരാട്ടമാണ് എൻറിക്വ പ്രതീക്ഷിക്കുന്നത്. മാർക്കോസ് ലോറന്റെ, ജോർദി ആൽബ എന്നിവരില്ലാത്ത ടീമിനെ പരിശീലനത്തിനിടെ പരീക്ഷിച്ച എൻറിക്വ അത് സ്ലോവാക്യക്കെതിരെ നടപ്പിലാക്കുമോയെന്നത് വ്യക്തമല്ല. അതേസമയം കോവിഡ് മുക്തനായി തിരിച്ചെത്തിയ ബുസ്‌ക്വറ്റ്സ് ടീമിലിടം പിടിക്കാനുള്ള സാധ്യതയുണ്ട്.

facebooktwitterreddit