ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ അർഹതയുള്ള ടീം റയൽ മാഡ്രിഡ് മാത്രമാണെന്ന് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ


ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കിരീടം നേടാൻ അർഹതയുള്ള ടീം റയൽ മാഡ്രിഡ് മാത്രമാണെന്നു വെളിപ്പെടുത്തി സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ. യുവേഫ നാഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചതിനു ശേഷം സംസാരിക്കെയാണ് എൻറിക്വ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആരു ചാമ്പ്യൻസ് ലീഗ് നേടാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് എൻറിക്വയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ഞാൻ നൽകുന്ന ഒരു മറുപടിയും ആരെയും സന്തോഷിപ്പിക്കില്ല. എനിക്ക് എല്ലാവരെയും സന്തോഷിപ്പിക്കാനാണ് താൽപര്യം. പക്ഷെ നീതിയുക്തമായ പറഞ്ഞാൽ, ആരെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടം അർഹിക്കുന്നുണ്ടെങ്കിൽ അതു റയൽ മാഡ്രിഡാണ്."
Luis Enrique on the Champions League final winner: “No answer I give is going to please everyone, and I like to please everyone. But as I like to be fair, if anyone deserves to win this Champions League, it's Real Madrid.”#MUFC
— Bolarinwa Olajide (@iambolar) May 24, 2022
റയൽ മാഡ്രിഡ് ഫോർവേഡ് മാർകോ അസെൻസിയോക്ക് ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും സ്പെയിൻ ടീമിൽ താരവുമുണ്ട്. റയലിനൊപ്പം മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ദേശീയ ടീമിൽ താരം നടത്തിയ പ്രകടനമാണ് താൻ പരിഗണിക്കുന്നതെന്ന് എൻറിക്വ അതേപ്പറ്റി വിശദീകരിച്ചു. താരത്തിന് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
വളരെ നാളുകൾ പരിക്കു മൂലം പുറത്തിരുന്നതിനു ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ബാഴ്സലോണ താരം അൻസു ഫാറ്റിയും സ്പെയിൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. താരത്തിന്റെ പരിക്കിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് സാഹസത്തിനു മുതിരില്ലെന്നും ഒരുപാട് മിനുട്ടുകൾ ഫാറ്റിയെ മത്സരത്തിൽ ഉപയോഗിക്കില്ലെന്നും ലൂയിസ് എൻറിക്വ അറിയിച്ചു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.