ഗ്വാർഡിയോള സ്പെയിൻ പരിശീലകനാവണം, റയൽ താരങ്ങളെ ദേശീയ ടീമിൽ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചും എൻറിക്വ


കരാർ അവസാനിക്കുന്നതോടെ മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യതയുണ്ടെന്നു വ്യക്തമാക്കിയ പെപ് ഗ്വാർഡിയോള സ്പെയിൻ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് നിലവിലെ പരിശീലകനായ ലൂയിസ് എൻറിക്വ. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പെയിൻ ടീമിൽ നിന്നും ഒരിക്കൽ കൂടി റയൽ മാഡ്രിഡ് താരങ്ങളെ തഴഞ്ഞതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
മാഞ്ചസ്റ്റർ സിറ്റി പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള താത്പര്യം ഗ്വാർഡിയോള പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് എൻറിക്വ മറുപടി നൽകിയത് ഇങ്ങിനെയാണ്. "ഞാനത് ഇഷ്ടപ്പെടുന്നു, ഗ്വാർഡിയോള സ്പെയിൻ പരിശീലകൻ ആകണമെന്നാണ് എന്റെ ആഗ്രഹം. അതു ഞാൻ വളരെ ഇഷ്ടപ്പെടുന്നു. അതു പരിപൂർണവും ആയിരിക്കും."
The Catalan has said he wants a national team job next. ?https://t.co/CRS007GsQx
— MARCA in English (@MARCAinENGLISH) August 26, 2021
"കൂടുതലെന്താണ്, ദേശീയ ടീമിൽ അദ്ദേഹത്തിന്റെ മുദ്ര പതിഞ്ഞു കാണാൻ ഞാൻ വളരെയധികം താൽപര്യപ്പെടുന്നു. സ്പെയിന് അതിനേക്കാൾ മികച്ചൊരു പരിശീലകനെ ലഭിക്കുമെന്ന് എനിക്കു തോന്നുന്നില്ല," എൻറിക്വ പത്രസമ്മേളനത്തിൽ പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.
യൂറോ കപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും റയൽ മാഡ്രിഡ് താരങ്ങളെ ഒഴിവാക്കിയതു പോലെ നിലവിലെ ടീമിലും റയൽ താരങ്ങളെ തഴഞ്ഞതിനെക്കുറിച്ച് എൻറിക്വയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. "എന്റെ പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കും. അതിലൊരു വിശദീകരണം നൽകുന്നത് ഞാൻ എനിക്കു വേണ്ടി ഒരു കുഴിയൊരുക്കുന്നതു പോലെയാണ്," എൻറിക്വ വ്യക്തമാക്കി.
യൂറോ കപ്പ്, ഒളിമ്പിക്സ് എന്നീ ടൂർണമെന്റുകളിൽ കളിച്ചതു കൊണ്ടാണ് ബാഴ്സലോണ താരം പെഡ്രി, ലീപ്സിഗ് താരം ഡാനി ഓൾമോ, സോസിഡാഡ് താരം ഒയാർസാബാൽ എന്നിവരെ നിലവിലുള്ള ടീമിൽ നിന്നും ഒഴിവാക്കിയതെന്നും എൻറിക്വ പറഞ്ഞു. ഈ രണ്ടു ടൂർണമെന്റുകളിലും കളിച്ചവരിൽ എറിക് ഗാർസിയ, ഉനൈ സിമോൺ എന്നിവർ മാത്രമാണ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.