Football in Malayalam

'ഇത് ഏപ്രിൽ ഫൂൾ ദിവസമാണോ?' - മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ലൂയിസ് എൻറിക്വ

Sreejith N
Spain Team Press Conference
Spain Team Press Conference / AFP7/GettyImages
facebooktwitterreddit

പുറത്താക്കപ്പെട്ട ഒലെ ഗുണ്ണാർ സോൾഷെയറിനു പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ. 2021-22 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനത്തെ തുടർന്നാണ് മൂന്നു വർഷങ്ങളായി ക്ലബിനൊപ്പം തുടർന്നു വന്നിരുന്ന ഒലെ ഒഴിവാക്കപ്പെടുന്നത്.

ഒലെയുടെ പകരക്കാരായി നിരവധി പരിശീലകരുടെ പേരുകൾ ഉയർന്നു വരുന്ന സമയമാണിപ്പോൾ. അതിനിടയിലാണ് മുൻ ബാഴ്‌സലോണ പരിശീലകനായ ലൂയിസ് എൻറിക്വയുടെ പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ നിർദ്ദേശിച്ചുവെന്ന വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതേക്കുറിച്ച് മാധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

"ഇന്നത്തെ ദിവസം ഏപ്രിൽ ഫൂൾ ഡേ ആണോ?" മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമോയെന്ന ചോദ്യത്തിന് ലാ സെക്സ്റ്റയോട് എൻറിക്വ മറുപടി നൽകി. ഫുട്ബോൾ ലോകത്തെ തന്നെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നിലേക്കു പോകുന്നതിനെ പറ്റി വീണ്ടും ചോദിച്ചപ്പോൾ "ഞാനിപ്പോൾ 5000 കളിക്കാരുള്ള സ്പെയിനിലെ ഏറ്റവും വലിയ ടീമിലാണുള്ളത്," എന്ന മറുപടിയും അദ്ദേഹം നൽകി.

സോൾഷെയറിനെ പുറത്താക്കിയ ഒഴിവിലേക്ക് നിലവിൽ മുൻ താരമായ മൈക്കൽ കാരിക്കിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകനായി നിയമിച്ചിരിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതു വരെ ഒരു ഇന്ററിം പരിശീലകനെ നിയമിച്ച് അടുത്ത സമ്മറിൽ ഒരു ലോകോത്തര കോച്ചിനെ എത്തിക്കാൻ യുണൈറ്റഡ് പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ പിഎസ്‌ജിയിലെ മൗറീസിയോ പോച്ചട്ടിനോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പട്ടികയിൽ മുൻപന്തിയിലുള്ള പരിശീലകൻ എന്നാണു വിവിധ റിപ്പോർട്ടുകൾ പറയുന്നത്. സിനദിൻ സിദാൻ, എറിക് ടെൻ ഹാഗ്, ബ്രെണ്ടൻ റോജേഴ്‌സ് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit