"അവർ മറ്റെല്ലാരെക്കാളും മുകളിലാണ്"- ലോകകപ്പ് സാധ്യതയുള്ള രണ്ടു ടീമുകളെ വെളിപ്പെടുത്തി ലൂയിസ് എൻറിക്വ

Luis Enrique Names Brazil, Argentina Favorites Of Qatar World Cup
Luis Enrique Names Brazil, Argentina Favorites Of Qatar World Cup / Eurasia Sport Images/GettyImages
facebooktwitterreddit

ഈ വർഷാവസാനം നടക്കുന്ന ഖത്തർ ലോകകപ്പിൽ അർജന്റീന, ബ്രസീൽ എന്നിവർക്കാണ് കൂടുതൽ കിരീടസാധ്യതയുള്ളതെന്ന് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ. അർജന്റീനക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്ന എൻറിക്വ അതിനൊപ്പം ബ്രസീലിന്റെ പേരു കൂടി പറഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾ തന്നെ വെച്ചേക്കില്ലെന്നും പറഞ്ഞു.

ഖത്തർ ലോകകപ്പിനിനി ആറു മാസത്തോളം മാത്രം ബാക്കി നിൽക്കെ ഇത്തവണ കിരീടസാധ്യതയുള്ള നിരവധി ടീമുകളുണ്ട്. യൂറോപ്യൻ ടീമുകളായ ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, സ്പെയിൻ തുടങ്ങി നിരവധി പേർ കരുത്തരായാണ് ഇറങ്ങുന്നതെങ്കിലും ലാറ്റിനമേരിക്കൻ ശക്തികൾക്കാണ് എൻറിക്വ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

"ഞാനീ ചോദ്യത്തിന്റെ ആനുകൂല്യം മുതലെടുത്ത് അർജന്റീന എന്നു മറുപടി നൽകുകയാണ്." ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ മറ്റു ടീമുകളേക്കാൾ സാധ്യത കൂടിയതും അവരെക്കാൾ മുന്നിൽ നിൽക്കുന്നതുമായ ടീമിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ എൻറിക്വ മറുപടി പറഞ്ഞു. യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അവർ മറ്റെല്ലാവരേക്കാളും വളരെ മുന്നിലാണുള്ളത്. അതിനൊപ്പം ബ്രസീലും. അതല്ലെങ്കിൽ മാധ്യമപ്രവർത്തകർ എന്നോടു വന്നു ചോദിക്കും അർജന്റീന ബ്രസീലിനേക്കാൾ മുന്നിലാണോയെന്ന്. നമ്മളെന്തു തന്നെ പറഞ്ഞാലും അത് വളച്ചൊടിക്കപ്പെടും. പക്ഷെ ഇവർ മറ്റു ടീമുകളേക്കാൾ വളരെ മുന്നിലാണ്." ലൂയിസ് എൻറിക്വ വ്യക്തമാക്കി.

2002ൽ ബ്രസീൽ ലോകകിരീടം നേടിയതിനു ശേഷം പിന്നീട് ഒരിക്കൽ പോലും ഒരു ലാറ്റിനമേരിക്കൻ ടീമിന് ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേടു മാറ്റാനാണ് ഇത്തവണ ബ്രസീലും അർജന്റീനയും ഇറങ്ങുന്നത്. രണ്ടു ടീമുകളും ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം നടത്തുന്നുണ്ടെന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.