ചെക്ക് റിപ്പബ്ലിക്കിനെതിരെ സമനില വഴങ്ങിയ സ്പെയിൻ ഇനിയും മെച്ചപ്പെടണമെന്ന് ലൂയിസ് എൻറിക്വ
By Sreejith N

ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ സമനില വഴങ്ങിയ സ്പെയിൻ ടീം ഇനിയും മെച്ചപ്പെടണമെന്ന് പരിശീലകൻ ലൂയിസ് എൻറിക്വ. പെസക്ക്, യാൻ കുച്ച എന്നിവരുടെ ഗോളുകളിൽ രണ്ടു തവണ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഗാവി, ഇനിഗോ മാർട്ടിനസ് എന്നിവർ നേടിയ ഗോളിലാണ് സ്പെയിൻ സമനില നേടിയത്.
ചെക്ക് റിപ്പബ്ലിക്കിനെതിരെ സമനില വഴങ്ങിയതോടെ യുവേഫ നേഷൻസ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം നേടാൻ സ്പെയിന് കഴിഞ്ഞിട്ടില്ല. പോർചുഗലിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുന്നിലെത്തിയതിനു ശേഷം സമനില വഴങ്ങിയ സ്പെയിൻ ചെക്ക് റിപ്പബ്ലിക്കിനെതിരെയും അത് ആവർത്തിച്ചതോടെയാണ് എൻറിക്വ മുന്നറിയിപ്പു നൽകിയത്.
Spain snatched a late Nations League draw against the Czech Republic in Prague.
— BBC Sport (@BBCSport) June 5, 2022
More ⤵️ #BBCFootball
"നിരവധി കാര്യങ്ങളിൽ മെച്ചപ്പെടാനുണ്ട്. എന്നാൽ സമനില വഴങ്ങുന്നതിലെ നല്ല കാര്യമെന്താണെന്നു വെച്ചാൽ എതിരാളികൾക്ക് മൂന്നു പോയിന്റുകൾ ലഭിക്കില്ലെന്നതാണ്. എതിരാളികൾ ഞങ്ങളിൽ നിന്നും രക്ഷപ്പെട്ടു പോകില്ലെന്നത് വളരെ പ്രധാനമാണ്." എൻറിക്വ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിൽ ഗോൾ നേടി സ്പെയിനിനു വേണ്ടി ഗോൾ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന അൻസു ഫാറ്റിയുടെ റെക്കോർഡ് മറികടന്ന ഗാവിയെയും എൻറിക്വ പ്രശംസിച്ചു. അഞ്ചു വർഷമായി ഗാവിയുടെ വീഡിയോകൾ താൻ കാണാറുണ്ടെന്നും തന്റെ പൊസിഷനിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരത്തിന്റെ ദൃഢനിശ്ചയം തടുക്കാൻ കഴിയാത്ത ഒന്നാണെന്നും എൻറിക്വ വെളിപ്പെടുത്തി.
മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നെങ്കിലും ഗാവിയുടെ ഗോളോടെ തുടർച്ചയായ പതിനാറു മത്സരങ്ങളിൽ ഗോൾ കണ്ടെത്തിയെന്ന നേട്ടം സ്പെയിൻ സ്വന്തമാക്കി. ചരിത്രത്തിൽ തന്നെ രണ്ടു തവണ മാത്രമേ തുടർച്ചയായി ഇത്രയും മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ ടീമുകൾക്ക് കഴിഞ്ഞിട്ടുള്ളൂവെന്നത് സ്പൈനിന് അഭിമാനിക്കാൻ വക നൽകുന്നതാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.