"ഞങ്ങൾക്കെതിരെ കളിക്കുന്നതിന്റെ അനുഭവം എതിരാളികളോട് ചോദിക്കൂ"- സ്പെയിനിന്റെ വിജയത്തിൽ പ്രതികരിച്ച് ലൂയിസ് എൻറിക്വ

Luis Enrique Reacts To Spain Win Against Czech Republic
Luis Enrique Reacts To Spain Win Against Czech Republic / Anadolu Agency/GettyImages
facebooktwitterreddit

ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ ജയം നേടിയതിനു ശേഷം സ്പെയിൻ ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പരിശീലകൻ ലൂയിസ് എൻറിക്വ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് നേടിയ ജയം എതിരാളികൾക്ക് തങ്ങളെ മനസിലാക്കാൻ സഹായിച്ചിട്ടുണ്ടാകുമെന്നും ടീം പൊരുതുമെന്നും എൻറിക്വ പറഞ്ഞു.

ഇരുപകുതികളിലുമായി കാർലോസ് സോളർ, പാബ്ലോ സാറാബിയ എന്നിവരാണ് ചെക്ക് റിപ്പബ്‌ളിക്കിനെതിരെ സ്പെയിനിന്റെ ഗോൾ നേടിയത്. ഇതോടെ സ്വിറ്റ്‌സർലൻഡ്, പോർച്ചുഗൽ എന്നിവരുമായി ഗ്രൂപ്പിൽ ബാക്കിയുള്ള മത്സരം കൂടി വിജയിച്ചാൽ സ്പെയിനിന് യുവേഫ നേഷൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും.

"ഞാൻ വളരെ സന്തോഷത്തിലാണ്, അങ്ങിനെ ആവാതിരിക്കുന്നത് എങ്ങിനെയാണ്? എതിരാളികൾ അവർ എത്ര മികച്ചതാണെന്ന് എല്ലാ രീതിയിലും കാണിച്ചു തന്നിരുന്നു. ഞങ്ങൾ മികച്ചു നിന്നെങ്കിലും എന്തൊക്കെയോ അഭാവം ഞങ്ങൾക്ക് ഉണ്ടായിരുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ ലൂയിസ് എൻറിക്വ പറഞ്ഞു.

"അന്തരീക്ഷം വളരെ മികച്ചതായിരുന്നു. എല്ലാവരും ആർത്തു വിളിക്കുകയും എതിരാളികളുടെ ദേശീയഗാനത്തെ ആദരിക്കുകയും ചെയ്‌തു. ഇത് തുടരുമെന്നും ഒരു മാതൃക ആവുമെന്നും ഞാൻ കരുതുന്നു. ഞങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതിനാൽ തന്നെ സന്തോഷമുണ്ട്. എതിരാളികളോട് ചോദിക്കു, ഞങ്ങൾക്കെതിരെ കളിക്കുന്നത് എങ്ങിനെയാണെന്ന്. ഞങ്ങൾ ആർക്കെതിരെയും പോരാടും." ലൂയിസ് എൻറിക്വ പറഞ്ഞു.

സ്പെയിൻ വിജയം നേടുകയും പോർച്ചുഗൽ തോൽക്കുകയും ചെയ്‌തതോടെ ഗ്രൂപ്പിൽ സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. സെപ്‌തംബറിൽ നടക്കുന്ന രണ്ടു മത്സരങ്ങളിൽ വിജയിച്ചാൽ സ്പെയിനിന്‌ അടുത്ത ഘട്ടത്തിലെത്താൻ കഴിയും. കഴിഞ്ഞ യുവേഫ നേഷൻസ് ലീഗ് ഫൈനലിസ്റ്റുകളായിരുന്നു സ്പെയിൻ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.