Football in Malayalam

യൂറോ കപ്പിൽ സ്പെയിനിനേക്കാൾ മികച്ചൊരു ടീം നിലവിലില്ലെന്ന് ലൂയിസ് എൻറിക്വ

Sreejith N
Croatia v Spain - UEFA Euro 2020: Round of 16
Croatia v Spain - UEFA Euro 2020: Round of 16 / Stuart Franklin/Getty Images
facebooktwitterreddit

സ്വിറ്റസർലണ്ടിനെതിരെ ഇന്നു രാത്രി യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിറങ്ങുമ്പോൾ പരിപൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ. ക്വാർട്ടർ ഫൈനലിൽ കളിക്കുന്ന എട്ടു ടീമുകളിൽ സ്പെയിനിനേക്കാൾ മികച്ചൊരു ടീമിനെ തനിക്ക് കാണാൻ കഴിയുന്നില്ലെന്ന് എൻറിക്വ പറഞ്ഞു. എന്നാൽ മാനസികമായി കൂടുതൽ തയ്യാറെടുപ്പുകൾ ടീമിന് വേണമെന്നും അദ്ദേഹ വ്യക്തമാക്കി.

നിലവിൽ യൂറോ കപ്പിൽ സ്പെയിനിനേക്കാൾ മികച്ചൊരു ടീമുണ്ടോയെന്ന ചോദ്യത്തിന് "ഇല്ല" എന്നായിരുന്നു എൻറിക്വയുടെ മറുപടി. ടീമിലെ ഒരു താരത്തിനും ഫിറ്റ്നസിന്റെ പ്രശ്നങ്ങൾ ഇല്ലെന്നും കായികപരമായ സാഹചര്യങ്ങളെക്കാൾ മാനസികമായ പ്രതിസന്ധികളെയാണ് ടീമിന് മറികടക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

"ജിപിഎസ് (പരിശീലനത്തിൽ കായികക്ഷമത അളക്കാൻ ഉപയോഗിക്കുന്നത്) നൽകിയ കണക്കുകൾ വളരെ മികച്ചതാണ്. കായികപരമായ ബുദ്ധിമുട്ടുകളേക്കാൾ ടീമിനുള്ളത് മാനസികപരമായതാണ്. മാനസികമായി മികച്ചതാണെങ്കിൽ കായികപരമായും മുൻ‌തൂക്കം ലഭിക്കും. ടീം മികവു കാണിക്കുന്നുണ്ട്. ടീമിൽ മാറ്റങ്ങളുണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ല. 24 താരങ്ങളിൽ ആർക്കും കളിക്കാം." എൻറിക്വ വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ യുവേഫ നാഷൻസ് ലീഗിൽ സ്പെയിനും സ്വിറ്റസർലൻഡും തമ്മിൽ ഏറ്റുമുട്ടിയത് രണ്ടു ടീമുകൾക്കും ഗുണവും ദോഷവും ചെയ്യുമെന്നും എൻറിക്വ പറഞ്ഞു. "സ്വിറ്റ്സർലൻഡ് ക്വാർട്ടറിലേക്ക് മുന്നേറിയതും രണ്ടു ടീമുകൾക്കും പരസ്‌പരം നന്നായി അറിയാമെന്നതും ഗുണമാണോ ദോഷമാണോ ഉണ്ടാക്കുകയെന്നറിയില്ല. ഇതൊരു കടുപ്പമേറിയ മത്സരമായിരിക്കും. യൂറോയിലെ മികച്ച ഗ്രൂപ്പായ അവർക്ക് പ്രസ് ചെയ്യാനും ആക്രമിക്കാനും കഴിവുണ്ട്."

സ്പെയിൻ പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നു പറഞ്ഞ എൻറിക്വ കഴിഞ്ഞ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അതിൽ അലംഭാവം വരുത്തിയത് തനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി. ക്രൊയേഷ്യക്കെതിരെ ഒരു വലിയ പിഴവ് വരുത്തിയിട്ടും അതിഗംഭീര പ്രകടനം നടത്തി തിരിച്ചുവന്ന ഗോൾകീപ്പർ ഉനെ സിമോണിനെയും അദ്ദേഹം പ്രശംസിച്ചു.

facebooktwitterreddit