മെസിയുടെ ഇപ്പോഴത്തെ ഫോമിൽ ആശങ്കയില്ല, താരം പിഎസ്ജിയുമായി ഇണങ്ങിച്ചേരുമെന്ന് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ് ജിയൂലി


ലയണൽ മെസി ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയിട്ട് രണ്ടു മാസത്തോളമായെങ്കിലും ഇതുവരെയും തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം നടത്താൻ താരത്തിനു കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ മൂന്നു മത്സരങ്ങൾ കളിച്ച് മൂന്നു ഗോളുകൾ നേടിയെങ്കിലും ഫ്രഞ്ച് ലീഗിൽ ഇതുവരെയും വല കുലുക്കാൻ കഴിഞ്ഞിട്ടില്ലാത്ത മെസിയുടെ ഫോമിൽ ആരാധകരും ഫുട്ബോൾ പണ്ഡിറ്റുകളിൽ ചിലരും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ നിലവിൽ മെസി നടത്തുന്ന മങ്ങിയ പ്രകടനത്തിൽ യാതൊരു തരത്തിലും ആശങ്ക വേണ്ടെന്നാണ് പ്രൈം വീഡിയോ സ്പോർട്സ് ഫ്രാൻസിന്റെ പണ്ഡിറ്റായ ലുഡോവിക് ജിയൂലി പറയുന്നത്. ബാഴ്സലോണയിൽ വളരെക്കാലം ചിലവഴിച്ച മെസി പിഎസ്ജിയിലേക്ക് ചേക്കേറിയപ്പോൾ നടത്തുന്ന ശരാശരി പ്രകടനം മനസിലാക്കാൻ കഴിയുന്നതാണെന്നും അതിനെ മറികടന്ന് താരം ടീമുമായും ലീഗുമായും ഇണങ്ങിച്ചേരുമെന്നും ജിയൂലി ലെ പാരിസിയനോട് സംസാരിക്കുമ്പോൾ അഭിപ്രായപ്പെട്ടു.
"കണക്കുകളെ വിലയിരുത്തി നോക്കുമ്പോൾ അത് ആശ്ചര്യമുള്ള ഒരു കാര്യമായി തോന്നിയേക്കാം. എന്നാൽ ലോകത്തിലെ ഏറ്റവും മഹത്തായ താരത്തിനും ഇണങ്ങിച്ചേരാൻ സമയം വേണ്ടി വരുമെന്ന് മറക്കരുത്. കരിയർ മുഴുവൻ ബാഴ്സലോണ പോലൊരു ക്ലബിനു ചിലവഴിച്ചതിനു ശേഷം ഇത് പോലെ, ഒരു രാത്രി കൊണ്ട് ജീവിതം മാറിമറിയുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?"
"അതിനു പുറമെ താരം സീസണു വേണ്ടി പരിശീലനം നടത്തിയിട്ടും ഉണ്ടായിരുന്നില്ല. അങ്ങിനെ ഒരിടത്തെത്തുന്നത് പ്രയാസകരമാണ്. മെസി അവധി കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം 48, 72 മണിക്കൂറിനുള്ളിൽ അവന്റെ ജീവിതം പൂർണമായി മാറി."
"ഒരു പുതിയ രാജ്യത്തെ ഹോട്ടലിൽ മറ്റൊരു ഭാഷയുമായി മല്ലടിക്കുന്ന തരത്തിലേക്ക് നിങ്ങളുടെ ജീവിതം മാറുന്നത് മാനസിക പ്രക്ഷോഭമുണ്ടാക്കും. സ്പാനിഷ് സംസാരിക്കുന്ന ആളുകളെ ലോക്കർ റൂമിൽ നിന്നും കണ്ടെത്തുകയും മറ്റുള്ളവരുമായി സൗഹൃദത്തിൽ എത്തുകയും ചെയ്യാമെങ്കിലും അതു ശീലങ്ങളെ ആകെയുലയ്ക്കും"
"മൈതാനത്ത് മറ്റൊരു സിസ്റ്റവുമായി കൂടി താരത്തിന് ഇണങ്ങിച്ചേരേണ്ടി വരുന്നുണ്ട്, പുതിയ സഹതാരങ്ങൾ, പുതിയ സ്റ്റേഡിയം, സ്പെയിനെലേക്കാൾ കായികപരമായി മുന്നിൽ നിൽക്കേണ്ട സാഹചര്യം. അതെല്ലാം നേടിയെടുക്കുക എളുപ്പമല്ലെങ്കിലും അവനെക്കുറിച്ചോർത്ത് ഞാൻ വിഷമിക്കുന്നില്ല. അവൻ ഇണങ്ങിച്ചേരുക തന്നെ ചെയ്യും," ജിയൂലി പറഞ്ഞു.
വലതു വിങ്ങിൽ മെസിയെ കളിപ്പിക്കുന്നതിനേക്കാൾ മധ്യത്തിൽ കളിപ്പിക്കുകയാണു നല്ലതെന്നും ജിയൂലി പറഞ്ഞു. എന്നാൽ ടീമിന്റെ ബാലൻസ് നിലനിർത്താൻ വേണ്ടി പരിശീലകൻ അതു ചെയ്യുകയാവുമെന്നും വ്യക്തിപരമായി മെസി ബാഴ്സലോണയിൽ കളിച്ചിരുന്ന പോലെ കളിക്കണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.