La Liga

ഗോൾവേട്ടയിൽ മറ്റൊരു റെക്കോർഡുമായി ലയണൽ മെസി, താരം ടീമിലുള്ളത് ബാഴ്‌സയുടെ ഭാഗ്യമെന്ന് കൂമാൻ

Sreejith N
FC Barcelona v SD Huesca - La Liga Santander
FC Barcelona v SD Huesca - La Liga Santander / David Ramos/Getty Images
facebooktwitterreddit

ഹ്യുയസ്‌കക്കെതിരായ ലാ ലിഗ മത്സരത്തിൽ മെസി കാഴ്‌ച വെച്ച മിന്നുന്ന പ്രകടനത്തെ പ്രശംസിച്ച് ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാൻ. മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്‌ത മെസിയുടെ പിൻബലത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയ ബാഴ്‌സലോണ ലാ ലിഗ കിരീടത്തിനുള്ള സാധ്യതകൾ കൂടിയാണ് വർധിപ്പിച്ചത്.

മത്സരത്തിൽ ആദ്യഗോൾ നേടിയതോടെ ഒരു അപൂർവ നേട്ടം കൂടി മെസിക്ക് സ്വന്തമായി. ലാ ലീഗയിൽ ഇരുപതു ഗോളുകൾ തുടർച്ചയായ പതിമൂന്നു സീസണുകളിൽ നേടുന്ന ആദ്യത്തെ കളിക്കാരനെന്ന റെക്കോർഡാണ് ബാഴ്‌സലോണ നായകൻ സ്വന്തം പേരിലാക്കിയതിന്. അതിനു ശേഷം മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഈ സീസണിലെ തന്റെ ലീഗ് ഗോളുകളുടെ എണ്ണം വർധിപ്പിക്കാനും മെസിക്കായി.

"ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നു മെസി കാണിച്ചു തന്നുവെന്നാണ് ഞാൻ കരുതുന്നത്. ആദ്യത്തെ ഗോൾ അതിമനോഹരമായിരുന്നു. ഈ ടീമിലെ ഏറ്റവും പ്രധാന താരമെന്നത് മെസി അർഹിക്കുന്നു. കൂടുതലൊന്നും അദ്ദേഹത്തെ കുറിച്ച് പറയാനില്ല."

"നിരവധി വർഷങ്ങളായി, നിരവധി മത്സരങ്ങളിൽ അദ്ദേഹം ഇതേ നിലവാരത്തിൽ തുടരുകയാണ്. ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. ഭാഗ്യവശാൽ മെസി ഇപ്പോഴും ഞങ്ങൾക്കൊപ്പം തന്നെയുണ്ട്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് കൂമാൻ പറഞ്ഞു.

മത്സരത്തിൽ മെസി നേടിയ രണ്ടെണ്ണമുൾപ്പെടെ മൂന്നു ഗോളും ലോങ്ങ് റേഞ്ചറിൽ നിന്നാണ് പിറന്നത്. കൂടുതൽ പ്രതിരോധതാരങ്ങളെ ബോക്‌സിൽ നിർത്തുന്ന ടീമുകൾക്കെതിരെ ലോങ്ങ് റേഞ്ചറുകൾ ഗുണം ചെയ്യുമെന്നും കൂമാൻ പറഞ്ഞു. മെസിക്ക് പുറമെ ഗ്രീസ്മാൻ ഒരു ഗോൾ നേടിയപ്പോൾ പ്രതിരോധതാരം മിൻഗുയെസ ഹെഡറിലൂടെയാണ് ബാഴ്‌സയുടെ മറ്റൊരു ഗോൾ കുറിച്ചത്.

facebooktwitterreddit