അതു പെനാൽറ്റിയല്ല, ബാഴ്‌സലോണയുടെ സമനില ഗോളിനെതിരെ നാപ്പോളി പരിശീലകൻ സ്‌പല്ലെറ്റി


ബാഴ്‌സലോണയുടെ മൈതാനത്തു നടന്ന യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ സമനില കണ്ടെത്തിയെങ്കിലും മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ തൃപ്‌തനാകാതെ നാപ്പോളി പരിശീലകൻ ലൂസിയാനോ സ്‌പല്ലെറ്റി. മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് സമനില നേടിക്കൊടുത്ത് ഫെറൻ ടോറസ് നേടിയ ഗോളിനു പെനാൽറ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തെ മത്സരത്തിനു ശേഷം സ്‌പല്ലറ്റി ചോദ്യം ചെയ്‌തു.
മത്സരത്തിന്റെ അൻപത്തിയേഴാം മിനുട്ടിലാണ് റഫറി ബാഴ്‌സക്ക് പെനാൽറ്റി അനുവദിക്കുന്നത്. അഡമ ട്രയോറയുടെ ക്രോസ് യുവാൻ ജീസസ് കൈ കൊണ്ടു തടഞ്ഞതു വീഡിയോ റഫറി പരിശോധിച്ചതിനു ശേഷമാണ് പെനാൽറ്റി അനുവദിച്ചത്. മത്സരത്തിനു ശേഷം ബാഴ്‌സലോണ സമനില അർഹിച്ചിരുന്നു എങ്കിലും റഫറി പെനാൽറ്റി അനുവദിച്ചത് തെറ്റായിരുന്നു എന്നാണു സ്‌പല്ലെറ്റി പറഞ്ഞത്.
"ബാഴ്‌സലോണ ഒരു സമനില അർഹിച്ചിരുന്നു, പക്ഷെ ആ പെനാൽറ്റി നിലനിൽക്കുന്നതല്ല. നമുക്കൊരിക്കലും കയ്യ് പുറകിൽ വെച്ചു കൊണ്ട് ഓടാൻ കഴിയില്ല. ആ പന്ത് സഞ്ചാരപഥത്തിൽ നിന്നും മാറിയതുമില്ല. മത്സരം സമനിലയിലായത് ന്യായമെങ്കിലും ആ പെനാൽറ്റി അങ്ങിനെയല്ല." സ്‌പല്ലെറ്റി മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ നാപ്പോളി പതറിയെന്നും സ്‌പല്ലെറ്റി പറഞ്ഞു. "ആദ്യപകുതി ഒരുപോലെയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾ വളരെയ ബുദ്ധിമുട്ടി. ഞങ്ങൾക്ക് നാൽപ്പത്തിയഞ്ച് മിനുട്ട് മികച്ച പ്രകടനം നടത്താൻ കഴിയുമെങ്കിൽ തൊണ്ണൂറു മിനുട്ടും അതു തുടരേണ്ടതുണ്ട്."
"ചില സമയങ്ങളിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷെ ഞങ്ങൾക്ക് അച്ചടക്കം നിലനിർത്താൻ കഴിഞ്ഞില്ല. ചില നിമിഷങ്ങളിൽ നമ്മൾ വളരെയധികം ബുദ്ധിമുട്ടിലാവും, പക്ഷെ അത് ശരിയായ വഴിയിലൂടെ വരുന്നതാകണം." നാപ്പോളി പരിശീലകൻ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.