ലൂകാസ് പക്വറ്റക്കു വേണ്ടി പിഎസ്‌ജി രംഗത്തുണ്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഏജന്റ്
By Sreejith N

അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മധ്യനിര ശക്തമാക്കുന്നതിനു വേണ്ടി ബ്രസീലിയൻ താരമായ ലൂക്കാസ് പക്വറ്റയെ സ്വന്തമാക്കാൻ പിഎസ്‌ജി ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ശക്തമാണ്. മുൻപ് എസി മിലാൻ സ്പോർട്ടിങ് ഡയറക്റ്റർ ആയിരിക്കുമ്പോൾ പക്വറ്റയെ ഇറ്റലിയിലെത്തിച്ച, നിലവിൽ പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോയുടെ താൽപര്യമാണ് ഇതിനു പിന്നിലെന്നാണ് അഭ്യൂഹങ്ങൾ വ്യക്തമാക്കിയത്.
എന്നാൽ ബ്രസീലിയൻ താരം ലിയോൺ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് പക്വറ്റയുടെ ഏജന്റായ എഡ്‌വേർഡോ ഉറാം വ്യക്തമാക്കുന്നത്. നിലവിൽ ലീഗ് വണിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലൂക്കാസ് പക്വറ്റക്ക് വേണ്ടി യാതൊരു ഓഫറും ഇതുവരെയും വന്നിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
"അത് അജണ്ടയുടെ ഭാഗമല്ല, അത് നിലനിൽക്കുന്നുമില്ല. സത്യമായ ഒരേയൊരു കാര്യം ലൂക്കാസ് വളരെ മികച്ച രീതിയിൽ തുടരുന്നു എന്നതാണ്. താരം വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. അതിലുപരിയായി ലീഗ് വണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമാണ് പക്വറ്റ." ആർഎംസി സ്പോർട്ടിനോട് പക്വറ്റ അഭ്യൂഹങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
"ലിയനാർഡോക്ക് താരത്തെ നന്നായി അറിയാം, ഫ്‌ളമങ്ങോ മുതൽ തന്നെ. അതെല്ലാം ചേർത്തു വെച്ച് ആരോ അഭ്യൂഹങ്ങൾ സൃഷ്ടിക്കുകയാണ്. അതിനായി യാതൊരു ഓഫറും വന്നിട്ടില്ല. എന്റെ ഫോണിലേക്ക് ഒന്നും വന്നിട്ടില്ല, ലിയോണിലേക്കും ഒന്നും വന്നിട്ടില്ല." ഉറാം വ്യക്തമാക്കി.
ബ്രസീലിയൻ ലീഗിൽ നിന്നും പക്വറ്റയെ യൂറോപ്പിലെത്തിച്ചത് ലിയനാർഡോ എസി മിലാനിൽ ഉള്ളപ്പോഴായിരുന്നു. എന്നാൽ ഇറ്റാലിയൻ ഫുട്ബോളിൽ തിളങ്ങാൻ കഴിയാതെ പോയ താരം പിന്നീട് ഫ്രഞ്ച് ലീഗിലെത്തുകയും ഇപ്പോൾ ലിയോണിനൊപ്പം ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറുകയും ചെയ്‌തിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.