Football in Malayalam

ന്യൂകാസിൽ യുണൈറ്റഡിന്റെ വമ്പൻ ഓഫർ വേണ്ടെന്നു വെച്ച് ബ്രസീലിയൻ താരം

Sreejith N
TOPSHOT-FBL-2021-COPA AMERICA-BRA-PER
TOPSHOT-FBL-2021-COPA AMERICA-BRA-PER / MAURO PIMENTEL/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള വമ്പൻ ഓഫർ ബ്രസീലിയൻ മധ്യനിരതാരമായ ലൂകാസ് പക്വറ്റ വേണ്ടെന്നു വെച്ചുവെന്നു റിപ്പോർട്ടുകൾ. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതോടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി മാറിയ ന്യൂകാസിൽ ജനുവരിയിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് ലിയോൺ താരത്തെ ലക്ഷ്യമിട്ടത്.

ലിയോണുമായി 2025 വരെ ലൂകാസ് പക്വറ്റക്ക് കരാറുണ്ടെങ്കിലും താരത്തെ വിൽക്കുന്നതിനെക്കുറിച്ച് ഫ്രഞ്ച് ക്ലബ് ചിന്തിക്കുന്നുണ്ട്. നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുമുണ്ട്. എന്നാൽ മറ്റേതെങ്കിലും വലിയ ക്ലബിന്റെ ഓഫർ വന്നാൽ മാത്രമേ ലിയോൺ വിടുന്ന കാര്യം താരം ചിന്തിക്കുകയുള്ളൂവെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സെപ്‌തംബറിൽ ട്രോയസിനെതിരെ നടന്ന മത്സരത്തിൽ ഒരു റെയിൻബോ ഫ്ലിക്ക് കാണിക്കാൻ ശ്രമിച്ചതിനു മഞ്ഞക്കാർഡ് ലഭിച്ച് പക്വറ്റ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. എതിരാളിക്ക് അപമാനം ഉണ്ടാകുന്ന രീതിയിൽ കളിക്കാർ പ്രവർത്തിച്ചാൽ അതിനു മഞ്ഞക്കാർഡ് നൽകാമെന്ന ലീഗ് വൺ നിയമപ്രകാരമാണ് താരത്തിനു ശിക്ഷ ലഭിച്ചത്. മുൻപ് സമാനമായ സ്‌കിൽ ലാ ലിഗയിൽ നെയ്‌മർ ചെയ്‌തതും വിവാദമായിട്ടുണ്ട്.

അതേസമയം ഈ സീസണിൽ മികച്ച ഫോമിലാണ് പക്വറ്റ കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിൽ ഏഴു ഗോളുകളും നാല് അസിസ്റ്റും താരം നേടിയെങ്കിലും ലിയോൺ ലീഗിൽ പതിമൂന്നാം സ്ഥാനത്തു നിൽക്കുന്നതു കൊണ്ട് ടീം വിടുന്നതിനെപ്പറ്റി താരം ചിന്തിക്കാൻ സാധ്യതയുണ്ട്. ബ്രസീലിയൻ ദേശീയ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ, പ്രതിഭയുള്ള താരം മിഡ്ടേബിളിൽ കിടക്കുന്ന ക്ലബ്ബിലല്ല കളിക്കേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല.

അതേസമയം പക്വറ്റ തങ്ങളുടെ ഓഫർ തഴഞ്ഞത് ന്യൂകാസിൽ യുണൈറ്റഡിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. ഈ സീസണിൽ ഒരൊറ്റ മത്സരം മാത്രം വിജയിച്ച് നിലവിൽ തരം താഴ്ത്തൽ മേഖലയിൽ കിടക്കുന്ന ക്ലബ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ക്ലബ്ബിനെ പ്രീമിയർ ലീഗിൽ നിലനിർത്താനുള്ള പദ്ധതി ആവിഷ്‌കരിക്കയാണ്. അതല്ലെങ്കിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ് ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനിൽ കളിക്കേണ്ട ദുര്യോഗമാണ് വന്നു ചേരുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit