Football in Malayalam

അപരാജിതരായി ബ്രസീലിനു ലോകകപ്പ് യോഗ്യത, വിജയഗോൾ നേടിയതിനു ശേഷം കരഞ്ഞതിന്റെ കാരണം പറഞ്ഞ് പക്വറ്റ

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-BRA-COL
FBL-WC-2022-SAMERICA-QUALIFIERS-BRA-COL / NELSON ALMEIDA/GettyImages
facebooktwitterreddit

കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയ ബ്രസീൽ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ നിന്നും ഒരു മത്സരം പോലും തോൽക്കാതെ ഖത്തർ ലോകകപ്പിനു യോഗ്യത നേടി. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം എഴുപത്തിരണ്ടാം മിനുട്ടിൽ നെയ്‌മറുടെ പാസിൽ നിന്നും ലിയോൺ താരം ലൂകാസ് പക്വറ്റ നേടിയ ഗോളിലാണ് ബ്രസീൽ വിജയം നേടിയത്.

മത്സരം പൂർത്തിയായപ്പോൾ ഗോൾ നേടിയതിനു ശേഷം താൻ കരഞ്ഞു പോയതിന്റെ കാരണം പക്വറ്റ വെളിപ്പെടുത്തി. ബ്രസീൽ ടീമിൽ സ്ഥിരസാന്നിധ്യമായ മധ്യനിര താരം ഇരുപത്തിയേഴു മത്സരങ്ങളിൽ നിന്നും നേടുന്ന ആറാമത്തെ ഗോളായിരുന്നു അത്. അതിൽ പകുതിയും നെയ്‌മറാണ് അസിസ്റ്റ് ചെയ്‌തിരിക്കുന്നതെന്ന പ്രത്യേകതയും അതിനൊപ്പമുണ്ട്.

"ഞാൻ നിലനിൽക്കുന്ന ആ നിമിഷത്തെക്കുറിച്ചുള്ള സന്തോഷം കൊണ്ടാണ് ഗോൾ നേടിയതിനു ശേഷം കരഞ്ഞത്.ബ്രസീലിയൻ ടീമിന്റെയും ലിയോണിന്റെയും ജേഴ്‌സിയണിയുന്ന ഈ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. വലിയൊരു സന്തോഷത്തിന്റെ വികാരപ്രകടനമായിരുന്നു അത്." പക്വറ്റ മത്സരത്തിനു ശേഷം പറഞ്ഞു.

ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ പന്ത്രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 11 വിജയങ്ങളും ഒരു സമനിലയും സ്വന്തമാക്കിയാണ് ബ്രസീൽ ടൂർണമെന്റിനു യോഗ്യത നേടിയത്. ലാറ്റിനമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ നിന്നും നിലവിൽ ലോകകപ്പ് യോഗ്യത നേടിയ ഒരേയൊരു ടീമും ബ്രസീൽ തന്നെയാണ്.

ലോകകപ്പ് യോഗ്യത ഉറപ്പിച്ചതിനു ശേഷമുള്ള ബ്രസീലിന്റെ അടുത്ത മത്സരം അർജന്റീനക്കെതിരെയാണ്. ഈ മാസം 17ന് ഇന്ത്യൻ സമയം രാവിലെ അഞ്ചു മണിക്കു നടക്കുന്ന മത്സരത്തിൽ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാവും ബ്രസീൽ ഇറങ്ങുക.

facebooktwitterreddit