Football in Malayalam

നെയ്‌മർക്കു പകരം മെസിയാണതു ചെയ്‌തതെങ്കിൽ താരത്തെ രാജ്യത്തു കുഴിച്ചു മൂടുമായിരുന്നുവെന്ന് മുൻ അർജന്റീന താരം

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ഫൈനലിനു ശേഷം ബ്രസീലിയൻ താരമായ നെയ്‌മറും അർജന്റീന നായകൻ മെസിയും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്. മത്സരം തോറ്റതിന്റെ നിരാശയിലും തന്റെ അടുത്ത സുഹൃത്തായ മെസിയെ അഭിനന്ദിക്കാനും തമാശകൾ പറഞ്ഞ് കുറച്ചു സമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനും നെയ്‌മർ സമയം കണ്ടെത്തിയത് ആരാധകർക്കിടയിൽ ചർച്ചയാവുകയും ചെയ്‌തു.

എന്നാൽ നെയ്‌മർക്കു പകരം മെസിയായിരുന്നു അതു ചെയ്‌തതെങ്കിൽ താരത്തെ ആരാധകർ അർജന്റീനയിൽ കുഴിച്ചിടുമായിരുന്നു എന്നാണ് മുൻ താരമായ ലൂക്കാസ് കാസ്ട്രോമാൻ പറയുന്നത്. വ്യക്തിപരമായി അത്തരം പ്രവൃത്തികളോട് വിയോജിപ്പൊന്നും ഇല്ലെങ്കിലും വലിയൊരു വിഭാഗം ആളുകൾ അതിനെ ബഹുമാനക്കുറവായാണ് കാണുകയെന്നും അദ്ദേഹം വ്യക്തമാക്കി.

"നെയ്‌മർ ചെയ്‌ത പ്രവൃത്തി മെസിയുടെ ഭാഗത്തു നിന്നുമാണ് ഉണ്ടായതെങ്കിൽ ഇന്നദ്ദേഹത്തെ അവർ രാജ്യത്തു കുഴിച്ചിടുമായിരുന്നു. അത് വളരെയധികം ബഹുമാനമില്ലായ്മയാണ്. എന്റെ കുട്ടികൾ ആ ഇമേജ് കണ്ട് ഫുട്ബോൾ ഇതൊക്കെയാണെന്ന് അറിയുന്നതിനാൽ ഞാനത് ആഘോഷിക്കുകയാണ് ചെയ്‌തത്‌." ടൈക് സ്പോർട്സിനോട് കാസ്ട്രോമാൻ പറഞ്ഞു.

മറഡോണയെയും മെസിയെയും താരതമ്യം ചെയ്യുന്നത് ശരിയായ രീതിയല്ലെന്നാണ് കാസ്ട്രോമാൻ പറയുന്നത്. രണ്ടു പേരും അവരവരുടെ കാലഘട്ടങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ആരാധകരെ സന്തോഷിപ്പിച്ച താരങ്ങളാണെന്നും താരതമ്യം ചെയ്യാതെ അവരെ ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോളിലെ രാഷ്ട്രീയം പലപ്പോഴും താരങ്ങളെയും ടീമിന്റെ പ്രകടനത്തെയും ബാധിക്കുന്നുണ്ടെന്നും കാസ്ട്രോമാൻ വ്യക്തമാക്കി. ഫുട്ബോൾ മനോഹരമാണെങ്കിലും ഫുട്ബോൾ താരമാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മുൻ അർജന്റീന താരം കൂട്ടിച്ചേർത്തു.


facebooktwitterreddit