പതറുന്ന ബാഴ്സലോണയെ കൈവിട്ട് ആരാധകരും, ക്യാമ്പ് ന്യൂവിലെത്തുന്ന കാണികളുടെ എണ്ണത്തിൽ വലിയ ഇടിവ്


ലയണൽ മെസി ക്ലബ് വിടുകയും സാമ്പത്തിക പ്രതിസന്ധി മൂലം വേണ്ട താരങ്ങളെ സ്വന്തമാക്കാൻ കഴിയാതിരിക്കുകയും ചെയ്ത ബാഴ്സലോണ ഈ സീസണിൽ പതറിക്കൊണ്ടിരിക്കെ ക്ലബ്ബിനെ കൈവിട്ട് ആരാധകരും. ഇന്നലെ ആലാവസിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ഈ സീസണിലെ ഏറ്റവും കുറവ് കാണികളാണ് ക്യാമ്പ് ന്യൂവിലെത്തിയത്.
കോവിഡ് നിയന്ത്രണങ്ങൾ മൂലം കാണികൾക്കുണ്ടായിരുന്ന വിലക്ക് നീക്കിയതിനു ശേഷം ഏറ്റവുമധികം കാണികൾ ക്യാമ്പ് ന്യൂവിലെത്തുന്നത് എൽ ക്ലാസിക്കോ മത്സരം കാണുന്നതിനു വേണ്ടിയാണ്. 86000 കാണികൾ മത്സരത്തിനായി എത്തിയെങ്കിലും അപ്പോഴും പതിനയ്യായിരത്തോളം ടിക്കറ്റുകൾ വിറ്റു പോയിട്ടില്ലെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു.
That's 38% of capacity ?https://t.co/zNPqQCRfDE
— MARCA in English (@MARCAinENGLISH) October 30, 2021
അതേസമയം ഇന്നലെ അലാവസിനെതിരെ നടന്ന മത്സരത്തിനു ന്യൂ ക്യാംപിലെത്തിയത് 37278 പേർ മാത്രമാണ്. ഡൈനാമോ കീവ്, വലൻസിയ എന്നിവർക്കെതിരെ നടന്ന മത്സരങ്ങൾക്ക് ബാഴ്സ ടിക്കറ്റുകളിൽ ഇളവ് നൽകിയെങ്കിലും അൻപതിനായിരത്തിൽ കുറവു കാണികൾ മാത്രമായിരുന്നു മൈതാനത്ത് എത്തിയത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിച്ചു കൊണ്ടിരിക്കെ സ്റ്റേഡിയം വരുമാനത്തെയും ഇതു ബാധിക്കും.
കോവിഡ് മഹാമാരിയും ടൂറിസത്തിന്റെ തിരിച്ചു വരവ് തീർത്തും മെല്ലെയായതുമാണ് ആരാധകർ കുറഞ്ഞതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു പുറമെ ലയണൽ മെസി, ലൂയിസ് സുവാരസ്, അന്റോയിൻ ഗ്രീസ്മൻ തുടങ്ങിയവർ ക്ലബ് വിട്ടതും ആരാധകരുടെ കുത്തൊഴുക്ക് കുറച്ചിട്ടുണ്ട്.