Football in Malayalam

നെതർലൻഡ്സ് ദേശീയ ടീമിന്റെ പരിശീലകനായി വാൻ ഗാൽ തിരിച്ചെത്തും? ചർച്ചകൾ നടക്കുന്നതായി സൂചന

Gokul Manthara
Spain v Netherlands: Group B - 2014 FIFA World Cup Brazil
Spain v Netherlands: Group B - 2014 FIFA World Cup Brazil / Ian Walton/Getty Images
facebooktwitterreddit

പ്രീക്വാർട്ടറിൽ അപ്രതീക്ഷിത പരാജയം നേരിട്ട് നെതർലൻഡ്സ്, യൂറോ കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു ഫ്രാങ്ക് ഡി ബോയർ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ഇപ്പോളിതാ അദ്ദേഹത്തിന്‌ പകരം വിഖ്യാത പരിശീലകൻ ലൂയിസ് വാൻ ഗാൽ ഡച്ച് സംഘത്തിന്റെ പരിശീലകനായെത്താനുള്ള സാധ്യതകൾ ഉയർന്നിരിക്കുന്നു. മുൻപ് രണ്ട് തവണ നെതർലൻഡ്സിനെ പരിശീലിപ്പിച്ചിട്ടുള്ള വാൻ ഗാലിനെ ഒരിക്കൽക്കൂടി ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടു വരാൻ താല്പര്യപ്പെടുന്ന ഡച്ച് ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യത്തിൽ അദ്ദേഹവുമായി ചർച്ചകൾ നടത്തിയതായാണ് ഹോളണ്ടിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിനോട് 2-0 ന് പരാജയപ്പെട്ടതിന് പിന്നാലെ തന്നെ ഫ്രാങ്ക് ഡി ബോയർ നെതർലൻഡ്സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് ദേശീയ ടീമിന് പുതിയ പരിശീലകനെ കണ്ടെത്താൻ ഡച്ച് എഫ് എ നിർബന്ധിതരായതും അവരുടെ അന്വേഷണം വാൻഗാലിൽ എത്തിയതും. ടീമിന് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചുമതല ലഭിച്ച ഡച്ച് ഫുട്ബോൾ അസോസിയേഷൻ ഡയറക്ടർമാരായ നിക്കോ ജാൻ ഹൂഗ്മ, എറിക്ക് ഗുഡ്ഡെ എന്നിവർ വ്യാഴാഴ്ച വാൻ ഗാലുമായി അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ചർച്ചകൾ നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.

അതേ സമയം മുൻപ് രണ്ട് സ്പെല്ലുകളിലായി നെതർലൻഡ്സ് ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് ലൂയിസ് വാൻ ഗാൽ. 2000 ൽ ആദ്യമായി ഡച്ച് സംഘത്തിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തിന് പക്ഷേ ടീമിന് 2002 ൽ നടന്ന ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടാൻ കഴിയാതിരുന്നതോടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തേക്ക് പോകേണ്ടി വരുകയായിരുന്നു‌.‌ പിന്നീട് 2012 ൽ ഒരിക്കൽക്കൂടി‌ ഡച്ച് പടയുടെ പരിശീലക വേഷത്തിലേക്കെത്തിയ അദ്ദേഹം 2014 ലെ ഫിഫ ലോകകപ്പിൽ ടീമിനെ മൂന്നാം സ്ഥാനത്തേക്ക് നയിച്ചിരുന്നു.

അതേ സമയം 1991 ൽ പരിശീലക കരിയർ ആരംഭിച്ച വാൻ ഗാൽ ബാഴ്സലോണ, അയാക്സ്, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പൻ ക്ലബ്ബുകളേയും കളി പഠിപ്പിച്ചിട്ടുണ്ട്. 2019 ൽ പരിശീലക വേഷത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വാൻ ഗാൽ ഈ തീരുമാനം പി‌ൻവലിച്ച് ഒരിക്കൽക്കൂടി ഓറഞ്ച് പടയെ പരിശീലിപ്പിക്കാനെത്തുമോയെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ ഫുട്ബോൾ ലോകം.

facebooktwitterreddit