Football in Malayalam

ലൂയിസ് വാൻ ഗാൽ ഇനി നെതർലൻഡ്‌സ് മാനേജർ, ഓറഞ്ചുപടയെ പരിശീലിപ്പിക്കുന്നത് മൂന്നാം തവണ

Sreejith N
FC Barcelona v Real Madrid - La Liga Santander
FC Barcelona v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

യൂറോ കപ്പിൽ മോശം പ്രകടനം നടത്തിയതോടെ ഒഴിവാക്കപ്പെട്ട ഫ്രാങ്ക് ഡി ബോറിനു പകരക്കാരനായി ലൂയിസ് വാൻ ഗാലിനെ നെതർലൻഡ്‌സ് പരിശീലകനായി നിയമിച്ചു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജറായ വാൻ ഗാൽ മൂന്നാമത്തെ തവണയാണ് ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെടുന്നത്. 2022 ഖത്തർ ലോകകപ്പ് വരെയാണ് വാൻ ഗാലിനു നെതർലൻഡ്‌സ് ടീമിന്റെ ചുമതല നൽകിയിരിക്കുന്നത്.

റൊണാൾഡ്‌ കൂമാൻ ബാഴ്‌സലോണയിലേക്ക് ചേക്കേറിയതോടെ നെതർലാൻഡ്‌സ് ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ഡി ബോറിനു കീഴിൽ പ്രതീക്ഷിച്ച പ്രകടനം യൂറോ കപ്പിൽ കാഴ്‌ച വെക്കാൻ ടീമിന് കഴിഞ്ഞിട്ടില്ലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് നോക്ക്ഔട്ടിൽ എത്തിയതെങ്കിലും താരതമ്യേനെ ദുർബലരായ ചെക്ക് റിപ്പബ്ലിക്കിനോടു തോറ്റു ഹോളണ്ട് പുറത്തായതോടെ ഡി ബോറിനു സ്ഥാനം നഷ്‌ടപ്പെടുകയായിരുന്നു.

2000 മുതൽ 2001 വരെയും 2012 മുതൽ 2014 വരെയുമാണ് ഇതിനു മുൻപ് വാൻ ഗാൽ ഹോളണ്ട് ടീമിനെ നയിച്ചിട്ടുള്ളത്. 2014 ലോകകപ്പിൽ ടീമിനു മൂന്നാം സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ ലോകകപ്പിൽ നിലവിലെ ജേതാക്കളെന്ന പെരുമയുമായെത്തിയ സ്പെയിനെ 5-1നും പിന്നീട് ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും തകർത്ത ഹോളണ്ടിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്.

അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ വാൻ ഗാൽ സർ അലക്‌സ് ഫെർഗുസൻ കാലഘട്ടത്തിനു ശേഷം ടീമിന് ആദ്യ കിരീടം എഫ്എ കപ്പ് വിജയത്തിലൂടെ നൽകിയെങ്കിലും പിന്നീട് ക്ലബിൽ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം ആദ്യമായാണ് വാൻ ഗാൽ ഏതെങ്കിലും ഒരു ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കുന്നത്.

അയാക്‌സ്, ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള വാൻ ഗാലിന് മുന്നിലുള്ള പ്രധാന ലക്‌ഷ്യം അടുത്ത ലോകകപ്പിന് ടീമിന് യോഗ്യത നേടുകയാണ്. ലോകഫുട്ബോളില് ആധിപത്യം പുലർത്തിയിരുന്ന ഓറഞ്ച് പട വാൻ ഗാലിനു കീഴിൽ ഒരു തിരിച്ചുവരവ് നടത്തുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit