റൊണാൾഡോയെ സഹതാരമായി ഇഷ്ടമല്ലെങ്കിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നില്ലെന്നാണ് അർത്ഥമെന്ന് ലൂയിസ് സാഹ


തന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മേന്മകളെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ ലൂയിസ് സാഹ. 2004 മുതൽ 2008 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള സാഹ റൊണാൾഡോയെ ടീമിനൊപ്പം ലഭിച്ചത് സോൾഷെയറിന്റെ ഭാഗ്യമാണെന്നും താരത്തിന്റെ വർക്ക് റേറ്റിനും കളിക്കളത്തിലുള്ള ആത്മാർത്ഥതക്കും ഒപ്പം നിൽക്കാൻ കഴിയാത്തവർക്കാണ് റൊണാൾഡോയെ ഇഷ്ടമാവാത്തതെന്നും പറഞ്ഞു.
"റൊണാൾഡോയുടെ തിരിച്ചുവരവിൽ സോൾഷെയർ വളരെ സന്തോഷവാനായിരിക്കും, കാരണം താരമൊരു അന്യഗ്രഹ ജീവിയാണ്. എല്ലായിപ്പോഴും ഗോളുകൾ നേടും എന്നതു കൊണ്ടു തന്നെ താരത്തിന് ലോകത്തുള്ള ഏതു ടീമിലും ലീഗിലും കളിക്കാം. മറ്റാർക്കുമില്ലാത്ത ആത്മാർത്ഥതയും ത്യാഗത്തിനുള്ള സന്നദ്ധതയും റൊണാൾഡൊക്കുണ്ട്." എസ്ഐജിഎയുടെ ഓൺലൈൻ ഇവന്റിൽ സാഹ പറഞ്ഞു.
He has hailed his former Manchester United teammate.https://t.co/w3uzQIfbOZ
— MARCA in English (@MARCAinENGLISH) November 5, 2021
"അതിനു പുറമെ ലോകമെമ്പാടും സ്വാധീനം ചെലുത്തുന്ന ഒരു കളിക്കാരനുണ്ടെങ്കിൽ അതു ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഞാൻ ഫുട്ബോളിനെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. സാമൂഹികമായ തലത്തിൽ നിന്നു കൂടിയാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പലർക്കും അറിവുണ്ടാവും. ഒരു മാതൃകയും പ്രചോദനവുമാണ് താരം."
"ഞങ്ങൾ രണ്ടു പേരും തമ്മിലുണ്ടായിരുന്ന ബന്ധം വളരെ ലളിതമാണ്, ഞങ്ങൾ രണ്ടാളും കഠിനാധ്വാനം ചെയ്യും. നിങ്ങൾക്ക് സഹതാരമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടമല്ലെങ്കിൽ അതിനു കാരണം നിങ്ങൾ കഠിനാധ്വാനി അല്ലെന്നാണ്, അത്രയും ലളിതമായ കാര്യമാണത്." സാഹ പറഞ്ഞു.
എല്ലായിപ്പോഴും നമുക്കു വേണ്ടി ഒരു ചിരി കാത്തു സൂക്ഷിക്കുന്ന റൊണാൾഡോ അടുപ്പവും ബഹുമാനവും വെച്ചു പുലർത്തുന്ന വ്യക്തിയാണെന്ന് അഭിപ്രായപ്പെട്ട സാഹ താരത്തെ ഡിഫൻഡ് ചെയ്യുക ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കി. തൊണ്ണൂറു മിനുട്ട് കഴിഞ്ഞാലും ഒരു ഗോൾ നേടാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്ന താരത്തിനൊപ്പം വീണ്ടും കളിക്കാൻ ആഗ്രഹമുണ്ടെന്നും സാഹ കൂട്ടിച്ചേർത്തു.