ലിവർപൂളിനെതിരായ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിനു സമ്മാനിച്ചത് 129 വർഷത്തിനിടയിലെ ഏറ്റവും വലിയ നാണക്കേട്


ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ച വെക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മറക്കാനാഗ്രഹിക്കുന്ന മത്സരമാകും ഇന്നലെ പ്രീമിയർ ലീഗിൽ നടന്നത്. സലായുടെ ഇരട്ടഗോളും ലൂയിസ് ഡയസ്, മാനെ എന്നിവരുടെ ഗോളുകളും വഴി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു മേൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചപ്പോൾ തോൽവിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യതകൾ ഇല്ലാതായിട്ടുണ്ട്.
ഇന്നലത്തെ മത്സരത്തോടെ ഈ സീസണിലെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന രണ്ടു കളിയിലും വിജയിക്കാൻ ലിവർപൂളിന് കഴിഞ്ഞു. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടിയ ലിവർപൂൾ ആൻഫീൽഡിൽ നാല് ഗോളുകളും കുറിച്ചപ്പോൾ രണ്ടു മത്സരങ്ങളിലും ഒരു ഗോൾ പോലും തിരിച്ചടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ലിവർപൂൾ ഇതിനു മുൻപ് ഒരു ടീമിനെതിരെയും ഇത്ര ഗോളുകൾ നേടിയിട്ടില്ല.
Manchester United have conceded nine goals against Liverpool in the Premier League this season, the most they’ve ever shipped against a team in a single campaign. They’ve also conceded 76 Premier League goals in total against the Reds, more than they have vs any other opponent. pic.twitter.com/t1JpZLFdvi
— Stadium Astro ? (@stadiumastro) April 19, 2022
ലിവർപൂളിനെതിരെ നടന്ന മത്സരഫലം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് അവരുടെ ചരിത്രത്തിലെ തന്നെ വലിയൊരു നാണക്കേടു കൂടിയാണ് സമ്മാനിച്ചത്. ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ സീസണിൽ ഒരു ടീമിനെതിരെയുള്ള രണ്ടു മത്സരങ്ങളിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് വഴങ്ങിയത്. 1892-93 സീസണിൽ സണ്ടർലാൻഡിനോട് രണ്ടു മത്സരങ്ങളിലായി 11-0ത്തിനു തോറ്റതാണ് ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡ്.
ഇന്നലത്തെ മത്സരത്തിൽ നാലു ഗോൾ വഴങ്ങിയതോടെ ലിവർപൂളുമായി നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 76 ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. മറ്റൊരു ടീമും ഇത്രയും ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു ഗോൾ പോലും വഴങ്ങാതെ പ്രീമിയർ ലീഗ് സീസണിലെ രണ്ടു മത്സരങ്ങളിലും ഒരു ടീം വിജയം നേടുന്നത് ആറാമത്തെ തവണയാണ്. ഈ ആറു വിജയങ്ങളിൽ മൂന്നെണ്ണവും ലിവർപൂളിന് തന്നെയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.