Football in Malayalam

വളരെക്കാലത്തിനിടയിലെ ഏറ്റവും മികച്ച ടീമുകളിലൊന്ന്, ബാഴ്‌സലോണയെ പ്രശംസിച്ച് സെവിയ്യ പരിശീലകൻ ലോപെടൂയി

Sreejith N
Sevilla FC v Club Atletico de Madrid - La Liga Santander
Sevilla FC v Club Atletico de Madrid - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

ഇന്നു രാത്രി നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി എതിരാളികളായ ബാഴ്‌സലോണയെ പ്രശംസിച്ച് സെവിയ്യ പരിശീലകൻ യുലൻ ലോപടൂയി. സാമ്പത്തിക പ്രതിസന്ധിയും ലയണൽ മെസിയടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടതും മൂലം ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനം നടത്തുകയാണെങ്കിലും നിലവിലെ ബാഴ്‌സലോണ വളരെക്കാലത്തിനിടയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണെന്നാണ് ലോപെടൂയി പറയുന്നത്.

"ഞങ്ങൾ വളരെ കടുപ്പമേറിയ ഒരു മത്സരം അടുത്ത് പൂർത്തിയാക്കി, ഇപ്പോൾ മറ്റൊരു കടുപ്പമേറിയ മത്സരം ഞങ്ങളെ കാത്തിരിക്കുന്നു. അതും വളരെ മെച്ചപ്പെട്ട ഒരു എതിരാളിക്കെതിരെ. മറ്റു ടീമുകളിൽ ഇല്ലാത്ത, യുവാക്കളെങ്കിലും വളരെ മികച്ച കഴിവുള്ള താരങ്ങളുടെ വികാസത്തോടെ, വളരെക്കാലത്തിനു ശേഷമുള്ള ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബാഴ്‌സലോണ. അതിനൊപ്പം ഡെംബലെയെപ്പോലുള്ള താരങ്ങളുടെ തിരിച്ചു വരവും." ലോപെടൂയി പറഞ്ഞു.

"ഞങ്ങൾ വളരെ കരുത്തുറ്റ, സങ്കീർണമായ ഒരു ബാഴ്‌സലോണയെ ആണു പ്രതീക്ഷിക്കുന്നത്. സാവിയുടെ സ്‌പർശം വ്യക്തമായും അവരിലുണ്ടാകും. ബാഴ്‌സലോണ എൽഷെക്കെതിരെ വളരെ മേധാവിത്വം പുലർത്തിയിരുന്നു. ആ മത്സരഫലം മൈതാനത്തു കണ്ട കാര്യങ്ങളുടെ പ്രതിഫലനമല്ല."

"പല വശത്തു നിന്നും നോക്കുമ്പോൾ അവർ കെട്ടുറപ്പുള്ള ടീമാണ്. വളരെ കൃത്യമായ ആശയങ്ങളുള്ള അവർ ആക്രമണത്തിലും പ്രതിരോധത്തിലും പലതും ചെയ്യാൻ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തും. അവർ ഉണർന്നെണീറ്റു വരുന്ന എതിരാളികളാണ്, എല്ലാം വിജയിക്കാൻ വേണ്ടി പൊരുതാൻ ഉണ്ടാക്കപ്പെട്ടവർ." മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ ലോപെടൂയി വ്യക്തമാക്കി.

അതേസമയം മുൻ പരിശീലകൻ റൊണാൾഡ്‌ കൂമാനെയും നിലവിലെ പരിശീലകനായ സാവിയെയും തമ്മിൽ താരതമ്യം ചെയ്യാൻ ലോപെടൂയി വിസമ്മതിച്ചു. എന്നാൽ നിലവിലെ ബാഴ്‌സലോണക്ക് എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്നും അതിനു യുവാക്കളും കഴിവുള്ളവരുമായ ശരിയായ താരങ്ങളെ അവർക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit