Transfers

ഫ്രഞ്ച് താരം ജൂൾസ് കൂണ്ടെ സെവിയ്യ വിടാൻ സാധ്യതയുണ്ടെന്നു സ്ഥിരീകരിച്ച് പരിശീലകൻ ലോപെറ്റെയി

Sreejith N
Lopetegui Confirms Jules Kounde May Leave Sevilla
Lopetegui Confirms Jules Kounde May Leave Sevilla / Soccrates Images/GettyImages
facebooktwitterreddit

ഫ്രഞ്ച് പ്രതിരോധതാരം ജൂൾസ് കൂണ്ടെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്ന് സെവിയ്യ പരിശീലകൻ ഹുലൻ ലോപെറ്റയി. സൗത്ത് കൊറിയയിൽ വെച്ചു നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ ടോട്ടനം ഹോസ്പേറിനെ നേരിടുന്നതിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്രഞ്ച് ക്ലബായ ബോർഡ്യൂവിൽ നിന്നും 2019ൽ സെവിയ്യയിൽ എത്തിയ കൂണ്ടെക്ക് വളരെ പെട്ടന്നു തന്നെ യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായി മാറാൻ കഴിഞ്ഞിരുന്നു. 95 മത്സരങ്ങളിൽ സെവിയ്യക്കു വേണ്ടി ഇറങ്ങിയ താരം 2019-20 സീസണിൽ യൂറോപ്പ ലീഗ് കിരീടം ക്ലബിന് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

"ഒരു പ്രധാന താരമായ ഡീഗോ കാർലോസ് ക്ലബ് വിട്ടു. മറ്റൊരു സെന്റർ ബാക്കായ കൂണ്ടെയുടെ കാര്യത്തിലും അതുണ്ടാകാം. എന്താണ് സംഭവിക്കുകയെന്നു ഞങ്ങൾക്കറിയില്ല. അവർക്കു പകരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടാണെങ്കിലും പുതിയ സൈനിങായ മാർക്കാവോ പെട്ടന്നു തന്നെ ഇണങ്ങിച്ചേർന്ന് ഞങ്ങളെ സഹായിക്കുമെന്ന് കരുതുന്നു." ലോപെറ്റയി പറഞ്ഞു.

ഇരുപത്തിമൂന്നു വയസുള്ള ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാൻ നിരവധി ക്ളബുകൾ ശ്രമം നടത്തുന്നുണ്ടെങ്കിലും ബാഴ്‌സലോണ, ചെൽസി തുടങ്ങിയവർക്കാണ് അതിൽ മുൻതൂക്കമുള്ളത്. ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം താരവുമായി വ്യക്തിഗത കരാർ ധാരണയിലെത്താൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടുണ്ട്.

സെവിയ്യയുമായി ട്രാൻസ്‌ഫർ ഫീസ് സംബന്ധിച്ച് ധാരണയിൽ എത്താൻ കഴിഞ്ഞാൽ കൂണ്ടെ ബാഴ്‌സലോണ താരമായി മാറാൻ തന്നെയാണ് സാധ്യത. ഫ്രാൻസ് ദേശീയ ടീമിനു വേണ്ടി പതിനൊന്നു മത്സരങ്ങൾ കളിച്ച കൂണ്ടെയും ബാഴ്‌സലോണ ട്രാൻസ്‌ഫറാണ് പരിഗണിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit