Football in Malayalam

കോപ്പ അമേരിക്ക ടൂർണമെന്റ് നടത്താനുള്ള തീരുമാനത്തിനു നേരെ ബ്രസീലിൽ നിന്നു തന്നെ എതിർപ്പുകളുയരുന്നു

Sreejith N
Copa America Argentina and Colombia 2020 Draw
Copa America Argentina and Colombia 2020 Draw / Guillermo Legaria/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റ് കോവിഡ് ആശങ്കകളെ തുടർന്ന് അർജന്റീനയിൽ നിന്നും ബ്രസീലിലേക്ക് മാറ്റാനുള്ള ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം തുടക്കം മുതൽ തന്നെ ചോദ്യങ്ങളുയർത്തിയ ഒന്നാണ്. നിലവിൽ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് ബ്രസീലെന്നതാണ് ഇതിനു കാരണം.

നിലവിൽ രണ്ടായിരത്തോളം ദൈനംദിന കോവിഡ് മരണങ്ങൾ സംഭവിക്കുന്ന ബ്രസീലിലെ മൊത്തം ജനസംഖ്യയിലെ വെറും പത്തു ശതമാനം പേർക്കു മാത്രമാണ് വാക്‌സിനേഷൻ പൂർത്തിയായിരിക്കുന്നത്. അർജന്റീനയിൽ നിന്നും ബ്രസീലിലേക്ക് ടൂർണമെന്റ് മാറ്റുന്നത് കോവിഡ് ഭീഷണിക്ക് യാതൊരു മാറ്റവും വരുത്തില്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടക്കുമെന്നു ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോൾ ബ്രസീലിലെ ലോക്കൽ അതോറിറ്റികളിൽ നിന്നും ഇതിനെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നുണ്ട്. ടൂർണമെന്റിലെ മത്സരങ്ങൾ നടത്തുമെന്ന് കരുതപ്പെടുന്ന പ്രവിശ്യയിലൊന്നായ പെർനാംബുക്കോയിലെ ഗവൺമെന്റ് ഇതിനെതിരെ തങ്ങളുടെ നിലപാട് പരസ്യമാക്കി കഴിഞ്ഞു.

"നിലവിലെ കോവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ കോപ്പ അമേരിക്ക പോലെയൊരു ടൂർണമെന്റ് പെർനാംബുക്കോ പ്രവിശ്യയിൽ നടത്താൻ കഴിയില്ല," ഗവണ്മെന്റ് അതോറിറ്റിയെ അധികരിച്ച് ബ്രസീലിയൻ മാധ്യമമായ യുഓഎൽ സ്പോർട്ടിന്റെ റിപ്പോർട്ടറായ മാഴ്‌സൽ റിസോ റിപ്പോർട്ടു ചെയ്‌തു.

അതേസമയം കോപ്പ അമേരിക്ക ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്താനുള്ള അവസാന തീരുമാനം ഇതുവരെയും എടുത്തിട്ടില്ലെന്നാണ് ബ്രസീലിയൻ ഗവണ്മെന്റ് ചീഫ് ഓഫ് സ്റ്റാഫ് ലൂയിസ് എഡ്വാർഡോ റാമോസ് പറയുന്നത്. കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നാൽ ബ്രസീലിൽ നിന്നും ടൂർണമെന്റ് മാറ്റി വെക്കേണ്ട സാഹചര്യമുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ

facebooktwitterreddit