Champions League

ലിവർപൂളായിരുന്നു റയലിനേക്കാൾ മികച്ച ടീം, പുറത്തായെങ്കിലും നേട്ടമുണ്ടാകുമെന്ന് ജെയിംസ് മിൽനർ

Sreejith N
Liverpool FC v Real Madrid - UEFA Champions League Quarter Final: Leg Two
Liverpool FC v Real Madrid - UEFA Champions League Quarter Final: Leg Two / Michael Regan/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഗോൾരഹിത സമനില വഴങ്ങി പുറത്തായെങ്കിലും മത്സരത്തിൽ മികച്ചു നിന്നത് ലിവർപൂളായിരുന്നുവെന്ന് മധ്യനിര താരം ജെയിംസ് മിൽനർ. രണ്ടാം പാദത്തിൽ ഇരുടീമുകളും ഗോൾ കണ്ടെത്താൻ പരാജയപ്പെട്ടതോടെ ആദ്യപാദത്തിൽ നേടിയ 3-1ന്റെ വിജയമാണ് റയൽ മാഡ്രിഡിനെ സെമിയിലെത്തിച്ചത്. അതേസമയം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായെങ്കിലും ഈ മത്സരങ്ങൾ പ്രീമിയർ ലീഗിലെ ടോപ് ഫോറിലേക്ക് തിരിച്ചെത്താൻ ലിവർപൂളിനെ സഹായിക്കുമെന്ന പ്രതീക്ഷയും മിൽനർ പ്രകടിപ്പിച്ചു.

"തീർച്ചയായും ഞങ്ങളായിരുന്നു മികച്ച ടീം. മത്സരം വിജയിക്കാൻ ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിച്ചു. മത്സരത്തിലെ പ്രകടനവും ടീമിന്റെ ആവേശവുമെല്ലാം മികച്ചതായിരുന്നു. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾക്കായില്ലെന്നതാണ് മത്സരത്തിൽ വ്യത്യാസം വരുത്തിയത്. എങ്കിലും അവസരങ്ങൾ സൃഷ്ടിച്ചെടുക്കാനായി എന്നത് ഞങ്ങളുടെ നന്നായി പ്രതികരിച്ചുവെന്നാണ് വ്യക്തമാക്കുന്നത്." മത്സരത്തിനു ശേഷം ബിടി സ്പോർട്ടിനോട് മിൽനർ പറഞ്ഞു.

"തടസങ്ങളിൽ നിന്നും പുറത്തു കടന്ന് അതുപോലെയൊരു മനോഭാവത്തിലേക്ക് എത്തേണ്ടത് ഞങ്ങൾക്ക് ആവശ്യമായിരുന്നു. ആദ്യപാദവും ഇതേ ആവേശത്തോടെ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്‌തമാകുമായിരുന്നു. എന്നാൽ അതിനു വേണ്ടത്ര മികച്ച പ്രകടനം നടത്താൻ രണ്ടു മത്സരങ്ങളിലും ഞങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ ഈ ആവേശം അതുപോലെ നിലനിർത്തിയാൽ ആദ്യനാളിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്." മിൽനർ പറഞ്ഞു.

ഈ സീസണിൽ എല്ലാ കിരീടപ്പോരാട്ടങ്ങളിൽ നിന്നും പുറത്തായ ലിവർപൂളിനെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലീഡ്‌സ് എന്നീ ടീമുകളോട് മത്സരം ബാക്കിയുള്ളതു കൊണ്ടും ടോപ് ഫോറിനുള്ള പോരാട്ടം കടുത്തതായതു കൊണ്ടും ആ നേട്ടത്തിലേക്കെത്താൻ റെഡ്‌സിന് കഴിയുമോയെന്ന് കണ്ടറിയുക തന്നെ വേണം.

facebooktwitterreddit