ലിവർപൂളിനെ ആൻഫീൽഡിൽ തളക്കാൻ വിയ്യാറയലിനാകുമോ? മത്സരത്തിന്റെ സമയവും ടെലികാസ്റ്റ് വിവരങ്ങളും സാധ്യത ഇലവനും അറിയാം


ഇന്നു രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിൽ ലിവർപൂളും വിയ്യാറയലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മറ്റൊരു അട്ടിമറി നടത്താൻ ഉനെ എമറിയുടെ കീഴിൽ ഇറങ്ങുന്ന വിയ്യാറയലിനു കഴിയുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയുള്ള കരുത്തുറ്റ ടീമുകളായ യുവന്റസിനെയും ബയേൺ മ്യൂണിക്കിനെയും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർത്ത വിയ്യാറയൽ ലിവർപൂളിനെ തളച്ചാലും അതിൽ അത്ഭുതപ്പെടാനുമില്ല.
ഈ സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീം കൂടിയാണ്. പ്രീ ക്വാർട്ടറിൽ ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും ക്വാർട്ടർ ഫൈനലിൽ ബെൻഫിക്കയെ നാലിനെതിരെ ആറു ഗോളുകൾക്കും തകർത്താണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തിയിരിക്കുന്നത്. പ്രീമിയർ ലീഗിൽ ടീം മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിന്നിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
അതേസമയം കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കിരീടം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ വിയ്യാറയൽ നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണെങ്കിലും ചാമ്പ്യൻസ് ലീഗിൽ വലിയ പോരാട്ടവീര്യം കുതിപ്പുമാണ് കാഴ്ച വെക്കുന്നത്. പ്രതിരോധത്തിലൂന്നിയുള്ള ശൈലി നടപ്പിലാക്കുന്ന ഉനെ എമറിയുടെ വിയ്യാറയലിന് ബയേൺ മ്യൂണിക്ക് പോലെ കടുത്ത ആക്രമണം അഴിച്ചു വിടുന്ന ടീമിനെ പിടിച്ചു നിർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
ടീമുകളുടെ ശക്തി പരിശോധിക്കുമ്പോൾ മത്സരത്തിൽ ലിവർപൂളിന് തന്നെയാണ് മുൻതൂക്കം. സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ മികച്ച വിജയം നേടി രണ്ടാം പാദത്തിനു മുൻപേ ഫൈനൽ പ്രവേശനം ഉറപ്പിക്കാനാവും ലിവർപൂൾ ആഗ്രഹിക്കുന്നത്. അതേസമയം നഷ്ടപ്പെടാൻ ഒന്നുമില്ലാതിരിക്കുന്ന വിയ്യാറയൽ തങ്ങളുടെ സകല ശക്തിയും ഉപയോഗിച്ചു പൊരുതുമെന്നതിൽ യാതൊരു സംശയവുമില്ല.
ഏപ്രിൽ 27ന് ഇന്ത്യൻ സമയം രാത്രി 12.30നാണ് ലിവർപൂളും വിയ്യാറയലും തമ്മിൽ ഏറ്റുമുട്ടുന്നത്. സോണി ടെൻ 2 എസ്ഡി & എച്ച്ഡി, സോണി ടെൻ 3 എസ്ഡി & എച്ച്ഡി, സോണി ടെൻ 4 എസ്ഡി & എച്ച്ഡി എന്നീ ചാനലുകളിലൂടെയും സോണി ലൈവ്, ജിയോ ടിവി എന്നീ ആപ്പുകളിലൂടെയും മത്സരം കാണാൻ കഴിയും.
മത്സരത്തിന്റെ സാധ്യത ഇലവൻ
ലിവർപൂൾ
ഗോൾകീപ്പർ: അലിസൺ
പ്രതിരോധനിര: അലക്സാണ്ടർ അർണോൾഡ്, കൊണാട്ടെ, വാൻ ഡൈക്ക്, റോബർട്സൺ
മധ്യനിര: തിയാഗോ, ഹെൻഡേഴ്സൺ, ഫാബിന്യോ
മുന്നേറ്റനിര: സലാ, മാനെ, ഡയസ്
വിയ്യാറയൽ
ഗോൾകീപ്പർ: റുള്ളി
പ്രതിരോധനിര: ഫോയ്ത്ത്, ആൽബിയോൾ, ടോറസ്, എസ്തുപ്പിനാൻ
മധ്യനിര: പാറേജോ, കോക്വലിൻ, കപ്പൂയെ, ലോ സെൽസോ
മുന്നേറ്റനിര: ചുക്ക്വുയെസ, ഡാൻജുമ
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.