ലിവർപൂൾ vs റയൽ മാഡ്രിഡ്: ഇന്ത്യൻ സമയം, ടെലികാസ്റ്റ്, സാധ്യത ഇലവൻ

Liverpool Vs Real Madrid: Indian Time, Telecast, Possible Eleven
Liverpool Vs Real Madrid: Indian Time, Telecast, Possible Eleven / Marc Atkins/GettyImages
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന് ഇന്നു രാത്രി പന്തുരുളാനിരിക്കെ ആരാധകർ വളരെ ആവേശത്തിലാണ്. സ്‌പാനിഷ്‌ ക്ലബായ റയൽ മാഡ്രിഡും പ്രീമിയർ ലീഗിലെ ശക്തികളായ ലിവർപൂളും തമ്മിലുള്ള പോരാട്ടത്തിൽ ഒരു ടീമിനും മുൻതൂക്കമുണ്ടെന്ന് പറയാൻ കഴിയില്ല.തുല്യശക്തികളായ രണ്ടു ടീമുകൾ നേർക്കുനേർ വരുന്നതിനാൽ തന്നെ ഏറ്റവും മികച്ചൊരു പോരാട്ടമാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ഇന്റർ മിലാൻ, ബെൻഫിക്ക, വിയ്യാറയൽ എന്നീ ടീമുകളെ നോക്ക്ഔട്ടിൽ വീഴ്ത്തിയാണ് ലിവർപൂൾ ഫൈനലിൽ എത്തിയിരിക്കുന്നത്. അതേസമയം ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായൊരു ചാമ്പ്യൻസ് ലീഗ് സീസണാണ് റയൽ മാഡ്രിഡിന്റെത്. പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കെതിരെയെല്ലാം ഒരു ഘട്ടത്തിൽ പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ചാണ് റയൽ മാഡ്രിഡ് ഫൈനലിൽ ഇടം നേടിയത്.

പാരീസിൽ വെച്ചു നടക്കുന്ന ഫൈനലിൽ യൂറോപ്പിലെ പ്രധാന കിരീടം ഏഴാം തവണ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമിക്കുമ്പോൾ റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത് പതിനാലാം കിരീടമാണ്. റയൽ മാഡ്രിഡ് ഏറ്റവുമവസാനം ഒരു യൂറോപ്യൻ കപ്പ് ഫൈനൽ തോൽക്കുന്നത് 1981ൽ ലിവർപൂളിനെതിരെയാണ്. അതേസമയം 2018 ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് വഴങ്ങിയ തോൽവിയുടെ മുറിവുകൾ ലിവർപൂളിനും മായ്‌ക്കേണ്ടതുണ്ട്.

രണ്ടു ടീമുകളും തമ്മിൽ നേർക്കുനേർ കളിച്ച കണക്കുകൾ നോക്കുമ്പോൾ റയൽ മാഡ്രിഡിന് മുൻതൂക്കമുണ്ട്. എട്ടു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡിന് നാല് ജയവും ലിവർപൂളിന് മൂന്നു വിജയവുമാണുള്ളത്. റയൽ മാഡ്രിഡ് അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളിലും വിജയം നേടുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഈ കണക്കുകൾ ഫൈനലിൽ അവരെ സഹായിക്കാൻ യാതൊരു സാധ്യതയുമില്ല.

റയൽ മാഡ്രിഡ് ഈ സീസണിലെ ലാ ലിഗ കിരീടം ആധികാരികമായി നേടിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിനായി തയ്യാറെടുക്കുന്നത്. അതേസമയം മാഞ്ചസ്റ്റർ സിറ്റിയോട് അവസാനം വരെ പൊരുതി ഒരു പോയിന്റ് വ്യത്യാസത്തിൽ ലീഗ് നഷ്‌ടമായി എങ്കിലും കറബാവോ കപ്പ്, എഫ്എ കപ്പ് എന്നിവ ലിവർപൂൾ ഈ സീസണിൽ നേടിയിട്ടുണ്ട്.

റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഫൈനലിൽ പരിക്കിന്റെ പ്രശ്‌നങ്ങളൊന്നും അലട്ടുന്നില്ല. ലിവർപൂളിൽ തിയാഗോ, ഫാബിന്യോ, ജോ ഗോമസ് എന്നിവർ പരിക്കിന്റെ പിടിയിൽ ആയിരുന്നെങ്കിലും അവർ പരിശീലനം ആരംഭിച്ചുവെന്ന് ക്ലോപ്പ് വ്യക്തമാക്കിയ സ്ഥിതിക്ക് ഏറ്റവും കരുത്തുറ്റ ഇലവനെ തന്നെയാകും രണ്ടു ടീമുകളും അണിനിരത്തുക.

ഇന്ന് (മെയ് 28 ശനിയാഴ്‌ച) രാത്രി 12.30നാണു റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടം നടക്കുക. സോണി ടെൻ 2, സോണി ടെൻ 2 എച്ച്ഡി, സോണി ടെൻ 3, സോണി ടെൻ 3 എച്ച്ഡി, സോണി ടെൻ 4, സോണി ടെൻ 4 എച്ച്ഡി എന്നീ ചാനലുകളിലൂടെയും സോണി ലൈവ്, ജിയോ ടിവി എന്നീ ആപ്പുകളിലൂടെയും മത്സരം കാണാം.

മത്സരത്തിന്റെ സാധ്യത ഇലവൻ

ലിവർപൂൾ

അലിസൺ, അലക്‌സാണ്ടർ അർണോൾഡ്, കോനാട്ടെ, വാൻ ഡൈക്ക്, റോബർട്ട്സൺ, ഹെൻഡേഴ്‌സൺ, ഫാബിന്യോ, തിയാഗോ, സലാ, മാനെ, ഡയസ്

റയൽ മാഡ്രിഡ്

ക്വാർട്ടുവ, കാർവാഹാൾ, മിലിറ്റാവോ, അലബ, മെൻഡി, ക്രൂസ്, കസമീറോ, മോഡ്രിച്ച്, വാൽവെർദെ, ബെൻസിമ, വിനീഷ്യസ് ജൂനിയർ

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.