90Min Exclusive: ലിവർപൂളിൽ തന്നെ തുടരാൻ കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ച് മൊഹമ്മദ് സലാ


ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരമായ മൊഹമ്മദ് സലായുടെ പ്രതിനിധികൾ പ്രീമിയർ ലീഗ് ക്ലബുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. ഈ സീസൺ തകർപ്പൻ പ്രകടനത്തോടെ ആരംഭിച്ച മുന്നേറ്റനിര താരം ഇതുവരെ ഒൻപതു ഗോളുകളും മൂന്നു അസിസ്റ്റുകളും ലിവർപൂളിനായി നേടിയിട്ടുണ്ട്. സലാ ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചത്.
ഈ സീസൺ ആരംഭിച്ചതിനു ശേഷം വിർജിൽ വാൻ ഡൈക്ക്, ആൻഡി റോബർട്സൺ, ട്രെന്റ് അലക്സാണ്ടർ അർണോൾഡ്, ടീമിന്റെ നായകനായ ജോർദാൻ ഹെൻഡേഴ്സൺ എന്നിവരുമായി ലിവർപൂൾ കരാർ പുതുക്കിയിരുന്നു, ഇതിനു പിന്നാലെയാണ് ഒന്നര വർഷം മാത്രം കരാറിൽ ബാക്കിയുള്ള ഇരുപത്തിയൊൻപതു വയസുള്ള ഈജിപ്ഷ്യൻ താരത്തിന്റെയും കരാർ ലിവർപൂൾ പുതുക്കാനൊരുങ്ങുന്നത്.
Mohamed Salah considering his options as Liverpool talks continue.
— Graeme Bailey (@GraemeBailey) October 8, 2021
✍️@90min_football
https://t.co/9fBuNc5BQi
90Minമായി അടുത്ത വൃത്തങ്ങൾ തരുന്ന വിവരങ്ങൾ പ്രകാരം ഇംഗ്ലണ്ടിൽ തന്നെ തുടരാൻ സലാക്ക് വളരെയധികം താൽപര്യമുണ്ട്. അതുകൊണ്ടാണ് താരത്തിന്റെ പ്രതിനിധികൾ കരാർ ചർച്ചകൾ ആരംഭിച്ചത്. ആഫ്രിക്കയിൽ നിന്നുമുള്ള എക്കാലത്തെയും മികച്ച താരമാവുകയെന്ന ലക്ഷ്യത്തോടെ സ്പെയിനിൽ കളിക്കണമെന്ന ആഗ്രഹം സലാ പ്രകടിപ്പിച്ചിരുന്നു സ്പെയിനിലെ രണ്ടു പ്രധാന ക്ലബുകൾക്കും താരത്തിൽ താൽപര്യമുണ്ടെന്നതും അതിനുള്ള സാധ്യത ഉയർത്തുന്നു.
മുൻപ് പ്രീമിയർ ലീഗിൽ തന്നെ ചെൽസിയിൽ കളിച്ചിട്ടുണ്ടെങ്കിലും തിളങ്ങാൻ കഴിയാതിരുന്ന സാല ക്ലബ് വിട്ടതിനു ശേഷം പിന്നീട് റോമയിൽ നിന്നാണ് ലിവർപൂളിലേക്കെത്തുന്നത്. ആ സീസണിൽ തന്നെ റെക്കോർഡുകൾ ഭേദിക്കുന്ന പ്രകടനം നടത്തിയ താരം വളരെക്കാലത്തിനു ശേഷമുള്ള ലിവർപൂളിന്റെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിൽ പങ്കാളിയാവുകയും നിരവധി തവണ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തു.
നിലവിൽ ആഴ്ചയിൽ രണ്ടു ലക്ഷം പൗണ്ട് പ്രതിഫലമായി വാങ്ങുന്ന താരം കരാർ പുതുക്കുന്നതോടെ ലിവർപൂളിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി മാറുമെന്നാണ് സൂചനകൾ. ആഴ്ചയിൽ മൂന്നര ലക്ഷം പൗണ്ടാണ് പുതിയ കരാറിൽ ലിവർപൂൾ താരത്തിന് ഓഫർ ചെയ്യുന്നത്. എങ്കിൽ തന്നെയും കെവിൻ ഡി ബ്രൂയ്ൻ, ലുക്കാക്കു, റൊണാൾഡോ എന്നിവരേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ഈജിപ്ഷ്യൻ താരത്തിന്റേത്.