Football in Malayalam

റയൽ മാഡ്രിഡ് താരം റോഡ്രിഗോക്കു വേണ്ടി വമ്പൻ ഓഫർ നൽകാൻ പ്രീമിയർ ലീഗ് ക്ലബ്

Sreejith N
Real Madrid CF v Athletic Club - La Liga Santander
Real Madrid CF v Athletic Club - La Liga Santander / Angel Martinez/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബ്രസീലിയൻ താരം റോഡ്രിഗോക്കു വേണ്ടി മുന്നോട്ടു വെച്ച ഓഫർ റയൽ മാഡ്രിഡ് നിരസിച്ചെങ്കിലും പിൻമാറാൻ ഒരുക്കമല്ലാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ. അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതൽ മികച്ച ഓഫർ നൽകി താരത്തെ ടീമിലെത്തിക്കാനുള്ള പദ്ധതികൾ റെഡ്‌സ് മുന്നോട്ടു നീക്കുകയാണ്.

2019ലാണ് ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നും നാൽപ്പത്തിയഞ്ച് മില്യൺ യൂറോ നൽകി റോഡ്രിഗോയെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. എന്നാൽ വിനീഷ്യസിനെ പോലെ റയൽ മാഡ്രിഡ് ടീമിൽ സ്ഥിരമായി സ്ഥാനം പിടിക്കാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ റോഡ്രിഗോയെ വിൽക്കുന്ന കാര്യം ലോസ് ബ്ലാങ്കോസ് പരിഗണിക്കുന്നുണ്ടെന്ന് എൽ നാഷണൽ റിപ്പോർട്ടു ചെയ്‌തിരുന്നു.

എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം റോഡ്രിഗോക്കു വേണ്ടി അറുപതു മില്യൺ യൂറോയാണ് കഴിഞ്ഞ സമ്മറിൽ ലിവർപൂൾ വാഗ്‌ദാനം ചെയ്‌തത്‌. എന്നാൽ കാർലോ ആൻസലോട്ടി ബ്രസീലിയൻ താരത്തെ ഉപയോഗിക്കും എന്ന പ്രതീക്ഷയിൽ റയൽ മാഡ്രിഡ് അതു നിരസിക്കുകയായിരുന്നു. എന്നാൽ റോഡ്രിഗോക്ക് ഇറ്റാലിയൻ പരിശീലകനു കീഴിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല.

കൂടുതൽ മികച്ച ഓഫറുമായി അടുത്ത സമ്മറിൽ റോഡ്രിഗോക്ക് വേണ്ടി വീണ്ടും രംഗത്തു വരാനാണ് ലിവർപൂളിന്റെ പദ്ധതി. സലാ, മാനെ എന്നീ താരങ്ങൾ ആഫ്രിക്കൻ നേഷൻസ് കപ്പിൽ പങ്കെടുക്കും എന്നതിനാൽ ടീമിനെ ശക്തിപ്പെടുത്താൻ ചിലപ്പോൾ ജനുവരിയിൽ തന്നെ റോഡ്രിഗോക്കു വേണ്ടി ലിവർപൂൾ രംഗത്തു വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റോഡ്രിഗോയെ സ്വന്തമാക്കാൻ വേണ്ടി മുടക്കിയ തുക നല്ലൊരു നിക്ഷേപം ആയിത്തന്നെയാണ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് കണക്കാക്കുന്നത്. എന്നാൽ നല്ലൊരു ഓഫർ വന്നാൽ താരത്തെ വിൽക്കുന്ന കാര്യം അദ്ദേഹം പരിഗണിക്കും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit