Football in Malayalam

സ്വന്തം തട്ടകത്തിൽ തുടർച്ചയായ 6ആം തോൽവി; ആൻഫീൽഡിൽ നാണക്കേടിന്റെ പടുകുഴിയിൽ ലിവർപൂൾ

Gokul Manthara
Liverpool v Fulham - Premier League
Liverpool v Fulham - Premier League / Clive Brunskill/Getty Images
facebooktwitterreddit

ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ പ്രീമിയർ ലീഗിലെ തുടർച്ചയായ ആറാം തോൽവിയേറ്റു വാങ്ങി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ. ഫുൾഹാമിനെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിലൊന്ന് യർഗൻ ക്ലോപ്പിന്റെ സംഘത്തിന് സ്വന്തമായത്.‌ ഹോം ഗ്രൗണ്ടിൽ തുടർച്ചയായി ആറ് മത്സരങ്ങൾ പരാജയപ്പെട്ടിരിക്കുന്ന ലിവർപൂൾ ആൻഫീൽഡിൽ കളിച്ച അവസാന 8 മത്സരങ്ങളിലും ജയമറിഞ്ഞിട്ടില്ല.

1953-54 സീസണിലായിരുന്നു ഇതിന് മുൻപ് ലിവർപൂൾ ഒരു പ്രീമിയർ ലീഗ് സീസണിലെ ആറ് ഹോം മത്സരങ്ങളിൽ പരാജയപ്പെട്ടത്. അന്ന് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്യേണ്ടി വന്ന ചെമ്പട ആ സീസണിൽ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെടുകയും ചെയ്തു. ഈ സീസണ് ശേഷം ഒരിക്കലും തരംതാഴ്ത്തലിലേക്ക് വീണിട്ടില്ലാത്ത ക്ലബ്ബ് പിന്നീട് ഒരിക്കലും ഹോം ഗ്രൗണ്ടിൽ 6 ലീഗ് മത്സരങ്ങൾ പരാജയപ്പെട്ടിട്ടുമില്ല (ഒരു സീസണിൽ).

2020-21 സീസൺ പ്രീമിയർ ലീഗിൽ കളിച്ച അവസാന 8 ഹോം മത്സരങ്ങളിൽ ഒരെണ്ണത്തിൽപ്പോലും ജയിക്കാൻ ക്ലോപ്പിന്റെ ടീമിന് കഴിഞ്ഞിട്ടില്ല. ഇതിൽ 6 മത്സരങ്ങളിൽ പരാജയപ്പെട്ട അവർ 2 എണ്ണത്തിൽ സമനില നേടി. 1951 ഒക്ടോബറിനും 1952 മാർച്ചിനുമിടയ്ക്ക് ആൻഫീൽഡിൽ വിജയമറിയാതെ 10 മത്സരങ്ങൾ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സ്വന്തം തട്ടകത്തിൽ ഇത്ര ദയനീയ പ്രകടനത്തിലേക്ക് ക്ലബ്ബ് വീണിരിക്കുന്നത്.

ഹോം ഗ്രൗണ്ടിൽ പരാജയമറിയാതെ 68 മത്സരങ്ങൾ പൂർത്തിയാക്കി ഈ ‌സീസണിൽ റെക്കോർഡിട്ട ലിവർപൂളിന്റെ പരാജയ പരമ്പര തുടങ്ങുന്നത് ബേൺലിക്കെതിരെ ജനുവരി 22ന് നടന്ന മത്സരത്തിലാണ്‌. അന്ന് ബേൺലിയോട് തോറ്റ ലിവർപൂൾ തുടർന്ന് ബ്രൈറ്റൺ, മാഞ്ചസ്റ്റർ സിറ്റി, എവർട്ടൺ, ചെൽസി, ഫുൾഹാം എന്നിവരോടാണ് ആൻഫീൽഡിൽ തോൽവിയേറ്റു വാങ്ങിയിരിക്കുന്നത്

അതേ സമയം മരിയോ ലെമിനയുടെ ഏകഗോളായിരുന്നു ലിവർപൂളിനെതിരെ ഫുൾഹാമിന് ജയം നേടിക്കൊടുത്തത്. ഈ പരാജയത്തോട് കൂടി ഇക്കുറി പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാമെന്ന ലിവർപൂളിന്റെ പ്രതീക്ഷകൾക്കും വലിയ തിരിച്ചടിയേറ്റു. നിലവിൽ 28 മത്സരങ്ങളിൽ 43 പോയിന്റുകളുള്ള ചെമ്പട പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണുള്ളത്.

facebooktwitterreddit