റയലിലേക്കോ ബാഴ്സയിലേക്കോ ചേക്കേറരുത്, സ്റ്റെർലിങ്ങിനു മറ്റു രണ്ടു ക്ലബുകൾ നിർദ്ദേശിച്ച് റിയോ ഫെർഡിനാൻഡ്


മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞ സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകളായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തയ്യാറാകുമെന്ന് റിയോ ഫെർഡിനാൻഡ്. അതേസമയം ഇംഗ്ലീഷ് മുന്നേറ്റനിര താരത്തെ സ്വന്തമാക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന സ്പാനിഷ് ക്ളബുകളായ റയൽ മാഡ്രിഡിലേക്കും ബാഴ്സയിലേക്കും താരം ചേക്കേറുന്നത് ഗുണകരമാകില്ലെന്നും ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടു.
2015ൽ ലിവർപൂളിൽ നിന്നും അമ്പതു മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം പെപ് ഗ്വാർഡിയോളയുടെ പദ്ധതികളിൽ പ്രധാനിയായിരുന്നു സ്റ്റെർലിങ്. എന്നാൽ ഗ്രീലിഷ് ടീമിലെത്തിയതോടെ ഈ സീസണിൽ ആദ്യ ഇലവനിലെ സ്ഥാനം ഉറപ്പില്ലാത്ത താരം മാഞ്ചസ്റ്റർ സിറ്റി കളിച്ച ആറിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ട് ചെയ്തിരിക്കുന്നത്.
Rio Ferdinand says #mufc 'would sign Sterling' as Man City treatment slammedhttps://t.co/ypulOfxlBn
— Man United News (@ManUtdMEN) September 20, 2021
"ഞാനായിരുന്നു ലിവർപൂളെങ്കിൽ സ്റ്റെർലിംഗിനെ നാളെത്തന്നെ വാങ്ങും. ഞാൻ സ്റ്റെർലിംഗാണെങ്കിൽ ഇപ്പോൾ ബാഴ്സയിലേക്കോ റയൽ മാഡ്രിഡിലേക്കോ പോകില്ല. അതുകൊണ്ടാണ് ഞാൻ ലിവർപൂൾ എന്നു പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ സ്വന്തമാക്കാൻ തയ്യാറാവും." ഫൈവ് യുട്യൂബ് ചാനലിനോട് ഫെർഡിനാൻഡ് പറഞ്ഞു.
"റഹീം സ്റ്റെർലിങ് എവിടെയാണ്? ടീമിൽ നിന്നും സ്ഥിരമായി ഒഴിവാക്കപ്പെടുന്നതിനാൽ താരത്തിന് ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഗോൾ ആവശ്യമായി വരുമ്പോൾ താരമായിരുന്നു വർഷങ്ങളോളം ഉണ്ടായിരുന്നത്. എന്നാലിപ്പോൾ താരത്തിന് നിലയില്ലാതായിരിക്കുന്നു."
"എനിക്കത് ആശയക്കുഴപ്പമുണ്ടാക്കി, അത് മനസിലാകുന്നുമില്ല. പെപ്പിനൊപ്പം താരത്തിന് കാര്യങ്ങൾ കൂടുതൽ ശരിയായി വരികയാണുണ്ടായത്. എന്നാൽ ഇതു സംഭവിച്ചതോടെ ഇനിയെങ്ങനെ കാര്യങ്ങൾ പോകുമെന്നു നോക്കി സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ ക്ലബുകൾ നോക്കി ഇരിക്കുന്നുണ്ടാകാം." റിയോ ഫെർഡിനാൻഡ് വ്യക്തമാക്കി.
298 മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിച്ചിട്ടുള്ള സ്റ്റെർലിങ് ഇതുവരെ 115 ഗോളുകളും 87 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ആറു വർഷമായി ക്ലബിനൊപ്പം തുടരുന്ന താരം രണ്ടു പ്രീമിയർ ലീഗുൾപ്പെടെ ഒൻപതു കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.