ക്ലബ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുമായി ലിവര്‍പൂള്‍

ക്ലബിന്റെ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ സീസണെന്ന റെക്കോർഡ് 2021-22 സീസണിൽ സ്വന്തമാക്കി ലിവർപൂൾ. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയതോടെയാണ് ലിവര്‍പൂള്‍ പുതിയ നേട്ടത്തിലെത്തിയത്.
മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവര്‍പൂള്‍ ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ക്ലബിന്റെ ചരിത്രത്തിലാദ്യമായി ഒരു സീസണില്‍ 42 മത്സരങ്ങള്‍ ജയിച്ചു എന്നതാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയ റെക്കോര്‍ഡ്. 2019-20, 1985-86 കാലഘട്ടത്തില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയപ്പോള്‍ ലിവര്‍പൂള്‍ നേടിയ 41 വിജയമെന്ന നേട്ടമാണ് ഇപ്പോള്‍ ചെമ്പട മറികടന്നിരിക്കുന്നത്.
ഈ സീസണില്‍ എഫ്.എ കപ്പ് ഫൈനല്‍, ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍ വരെ എത്താനും ലിവര്‍പൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ സീസണില്‍ ഇനി ലിവര്‍പൂളിന് വിവിധ ടൂര്‍ണമെന്റുകളിലായി ഏഴ് മത്സരങ്ങള്‍കൂടി ബാക്കിയുണ്ട്. ഇതിലെല്ലാംകൂടി ജയിച്ചാലും ഒരു സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ചെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡിനൊപ്പം എത്താന്‍ റെഡ്സിന് കഴിയില്ല.
2018-19 സീസണില്‍ 50 വിജയങ്ങള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമാണ് ഇപ്പോള്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിജയമെന്ന ദേശീയ റെക്കോര്‍ഡുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാലും ലിവര്‍പൂളിന് 49 ജയം മാത്രമേ സ്വന്തമാക്കാന്‍ കഴിയൂ. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി 47 ജയങ്ങളായിരുന്നു സ്വന്തമാക്കിയത്. അതേസമയം 1984-85 സീസണില്‍ എവര്ട്ടണ് 43 ജയം സ്വന്താക്കിയപ്പോള് 2008-09 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 44 ജയവും സ്വന്തമാക്കിയിരുന്നു.