കരാർ പുതുക്കാനുള്ള സലായുടെ ആവശ്യങ്ങൾ ലിവർപൂളിന് സ്വീകാര്യമല്ല, താരം ക്ലബ് വിടാൻ സാധ്യതയേറുന്നു

Leicester City v Liverpool - Premier League
Leicester City v Liverpool - Premier League / Laurence Griffiths/GettyImages
facebooktwitterreddit

ലിവർപൂൾ സൂപ്പർതാരമായ മൊഹമ്മദ് സലാ ഈ സീസണു ശേഷം ക്ലബ് വിടാനുള്ള സാധ്യത വർധിക്കുന്നു. ഒന്നര വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരം പുതിയ കരാർ ഒപ്പിടാൻ മുന്നോട്ടു വെച്ച ആവശ്യങ്ങൾ ക്ലബിനു സ്വീകാര്യമല്ലെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമെന്നും ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്നും നിസംശയം പറയാവുന്ന മൊഹമ്മദ് സലാ ആഴ്‌ചയിൽ രണ്ടു ലക്ഷം പൗണ്ടാണ് പ്രതിഫമായി കൈപ്പറ്റുന്നത്. പുതിയ കരാറിൽ പ്രീമിയർ ലീഗിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി തന്നെ മാറ്റണം എന്ന സലായുടെ ആവശ്യമാണ് ലിവർപൂളിന് സ്വീകാര്യമല്ലാത്തത്.

മൊഹമ്മദ് സലായും ലിവർപൂളും തമ്മിൽ കരാർ പുതുക്കാനുള്ള ചർച്ചകൾ വളരെ നാളുകളായി നടക്കുന്നുണ്ടെങ്കിലും ഇതുവരെയും അതിൽ പുരോഗമനമൊന്നും ഉണ്ടായിട്ടില്ല. അതേസമയം താരം ആവശ്യപ്പെടുന്ന തുക വളരെ അധികമാണെന്ന തരത്തിൽ ലിവർപൂൾ നേതൃത്വമോ യർഗൻ ക്ളോപ്പോ പ്രതികരിച്ചിട്ടുമില്ല. അങ്ങിനെയാണെങ്കിലും താരത്തിന്റെ ആവശ്യത്തോട് ലിവർപൂൾ നേതൃത്വം അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്.

ദിവസങ്ങൾക്കു മുൻപ് തന്റെ കരാർ പുതുക്കലുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ താൻ മുന്നോട്ടു വെച്ച ആവശ്യങ്ങൾ വളരെ കൂടുതലാണെന്നു തോന്നുന്നില്ലെന്ന് സലാ പറഞ്ഞിരുന്നു. താൻ ലിവർപൂളിൽ തുടരുമോ എന്ന കാര്യം തന്റെ കൈകളില്ലെന്നും അതിൽ തീരുമാനം എടുക്കേണ്ടത് ക്ലബ് നേതൃത്വമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

അതേസമയം സലാ ക്ലബിനൊപ്പം തുടരുമെന്ന പ്രതീക്ഷയാണ് പരിശീലകനായ ക്ളോപ്പ് പ്രകടിപ്പിച്ചത്. കരാർ ചർച്ചകൾ പരാജയപ്പെട്ടാൽ അടുത്ത സമ്മറിൽ താരം ലിവർപൂൾ വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം ഈജിപ്ഷ്യൻ താരത്തിനു വേണ്ടി രംഗത്തു വരുമെന്നതിലും യാതൊരു സംശയവുമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.