സാദിയോ മാനേക്കായി ബയേണ്‍ മ്യൂണിക്ക് നല്കിയ ആദ്യ ഓഫര്‍ നിരസിച്ച് ലിവര്‍പൂള്‍

ലിവര്‍പൂളിന്റെ സെനഗലീസ് താരം സാദിയോ മാനെക്കായി ബയേണ്‍ മ്യൂണിക്ക് സമര്‍പ്പിച്ച ആദ്യ ബിഡ് ലിവര്‍പൂള്‍ തള്ളിയതായി 90min മനസിലാക്കുന്നു.
ലിവര്‍പൂളില്‍ ഒരു സീസണ്‍കൂടി കരാര്‍ ബാക്കിയുള്ള മാനെ ക്ലബ് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. താരത്തെ സ്വന്തമാക്കുന്നതിന് വേണ്ടി ജര്‍മന്‍ കരുത്തന്മാരായ ബയേൺ മ്യൂണിക്കാണ് പ്രധാനമായും രംഗത്തുള്ളത്. ലിവര്‍പൂള്‍ ആവശ്യപ്പെട്ടതിനേക്കാള്‍ കുറവ് തുകയാണ് ബയേണ്‍ ആദ്യമായി വാഗ്ദാനം ചെയ്തതെന്നാണ് 90min മനസിലാക്കുന്നത്.
അതേസമയം 40 മില്യന്‍ യൂറോക്ക് മുകളിലുള്ള ഓഫര്‍ ലഭിച്ചാലല്ലാതെ മാനെയെ വില്‍ക്കില്ലെന്ന നിലപാടിലാണ് ലിവര്‍പൂള്‍. മാനെയെ സ്വന്തമാക്കുന്നതിന് വേണ്ടി ലിവര്‍പൂളും-ബയേണും ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ട്. സെനഗല്‍ താരത്തെ സ്വന്തമാക്കാനുള്ള ആദ്യ ശ്രമം പാഴായിയെങ്കിലും ബയേണ്‍ പുതുതായി മറ്റൊരു ബിഡ് സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.
ക്ലബ് വിടാനാണ് മാനെയുടെ തീരുമാനമെങ്കിലും, താരവുമായി ഏത് ഘട്ടത്തിലും പുതിയ കരാർ ചർച്ച ചെയ്യാൻ ലിവർപൂൾ തയ്യാറാണ്. ഇക്കാര്യം അവർ മാനെയോട് വ്യക്തമാക്കിയതാണ് മനസിലാക്കുന്നത്.
അതേ സമയം, ആന്‍ഫീല്‍ഡില്‍ ഒരു വര്‍ഷംകൂടി കരാര്‍ ബാക്കിയുള്ള ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹുമായും കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ ലിവര്‍പൂള്‍ അധികൃതര്‍ നടത്തുന്നുണ്ട്. എന്നാല്‍ കരാര്‍ നീട്ടുന്നതിന് സലാഹിന് താല്പര്യമുണ്ടെങ്കിലും, താരത്തിന്റെ വേതന ഡിമാൻഡുകൾ അംഗീകരിക്കാൻ ലിവർപൂൾ ഇത് വരെ തയ്യാറായിട്ടില്ല.