Football in Malayalam

ഈജിപ്‌തിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് സലായെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് ലിവർപൂൾ

Sreejith N
Liverpool v Burnley - Premier League
Liverpool v Burnley - Premier League / Catherine Ivill/Getty Images
facebooktwitterreddit

2022 ലോകകപ്പിന്റെ യോഗ്യത മത്സരങ്ങൾക്കുള്ള ഈജിപ്ഷ്യൻ ടീമിനൊപ്പം ചേരുന്നതിനായി സൂപ്പർതാരം മൊഹമ്മദ് സലായെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ വ്യക്തമാക്കി. അംഗോള, ഗാബോൺ എന്നിവർക്കെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ മൊഹമ്മദ് സലാ ഉണ്ടാകില്ലെന്ന് ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയത്.

വിവിധ ക്ലബുകളിൽ കളിക്കുന്ന താരങ്ങളെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു വേണ്ടി ലഭ്യമാക്കാൻ തങ്ങൾ ബന്ധപ്പെട്ടിരുന്നു എന്നും യാത്രാനിയന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതടക്കമുള്ള അഭ്യർത്ഥന അതിൽ ഉൾപ്പെട്ടിരുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു. എന്നാൽ ഇതിനു മറുപടിയായി സലായെ ദേശീയ ടീമിനൊപ്പം വിട്ടുനൽകാൻ കഴിയില്ലെന്നു പറഞ്ഞ് ലിവർപൂളിന്റെ ക്ഷമാപണ സന്ദേശമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പ്രസ്‌താവന വ്യക്തമാക്കി.

മറ്റൊരു രാജ്യത്തേക്ക് പോയി തിരിച്ച് ഇംഗ്ലണ്ടിലേക്ക് വരുമ്പോൾ പാലിക്കേണ്ട കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സലായെ വിട്ടുനൽകാൻ ലിവർപൂൾ തയ്യാറാവാത്തതിനു പിന്നിലെ കാരണമെന്ന് ഈജിപ്ഷ്യൻ എഫ്എ പറയുന്നു. ഇംഗ്ലണ്ടിലെ നയങ്ങൾ പ്രകാരം പല രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ ആവശ്യമായതു കൊണ്ട് മടങ്ങിയെത്തുന്ന താരത്തിന് മത്സരങ്ങൾ നഷ്ടമാകുമെന്ന ആശങ്കയാണ് ലിവർപൂളിനുള്ളത്.

എന്നാൽ ഇതാദ്യമായല്ല സലായെ ലിവർപൂൾ ദേശീയ ടീമിലേക്കു വിട്ടുകൊടുക്കാൻ മടിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ നടന്ന ഒളിമ്പിക്‌സ് ഫുട്ബോളിൽ താരത്തെ പങ്കെടുപ്പിക്കാൻ ഈജിപ്ഷ്യൻ എഫ്എക്ക് വളരെയധികം താൽപര്യമുണ്ടായിരുന്നു എങ്കിലും ലിവർപൂൾ താരത്തെ വിട്ടുനൽകിയില്ല. സലാക്കു പുറമെ ടീമിലെ ബ്രസീലിയൻ താരങ്ങളെയും ലിവർപൂൾ ദേശീയ ടീമിനൊപ്പം ചേരാൻ അനുവദിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നേരിട്ട തിരിച്ചടി ഇത്തവണ ഇല്ലാതാക്കാൻ തന്നെയാണ് ലിവർപൂൾ ഒരുങ്ങുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit