ആരാധകരുടെ തള്ളിക്കയറ്റവും അതിക്രമവും, ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ കിക്ക് ഓഫ് വൈകി


ആരാധകരുടെ തള്ളിക്കയറ്റവും അതിക്രമവും മൂലം റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ കിക്കോഫ് മുപ്പതു മിനുട്ട് വൈകി. ടിക്കറ്റ് പോലുമില്ലാത്ത ആരാധകർ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതും ടിക്കറ്റെടുത്ത ആരാധകരുടെ പ്രവേശനം വൈകിയതുമാണ് മത്സരം വൈകാൻ കാരണമായതെന്ന് എപി റിപ്പോർട്ടു ചെയ്യുന്നു.
മത്സരത്തിനു മുൻപ് സെക്യൂരിറ്റി ഗേറ്റുകൾ തകർത്ത് ആരാധകർ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ തുടങ്ങിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സുരക്ഷാഭടന്മാർക്ക് കഴിഞ്ഞെങ്കിലും ചില ആരാധകർ സ്റ്റേഡിയത്തിന്റെ ഉള്ളിൽ കയറിപ്പറ്റിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആളുകൾ പൊടുന്നനെ ക്യൂവിൽ നിന്നും ചാടി ഗേറ്റുകൾ തള്ളിത്തുറന്ന് സ്റ്റേഡിയത്തിന് അകത്തു കയറാൻ ശ്രമിച്ചുവെന്നും അതു വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്കു കാരണമായിയെന്നും ഒരു ആരാധകൻ പറഞ്ഞു. ആളുകൾ ഒറ്റപ്പെടുന്നതും കുട്ടികൾ നിലവിളിക്കുന്നതുമായ അവസ്ഥയും ഇതേത്തുടന്ന് ഉണ്ടായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രശ്നങ്ങളെ തുടർന്ന്എല്ലാ ആരാധകരെയും കിക്ക് ഓഫ് സമയത്ത് സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്നാണ് മത്സരത്തിന്റെ സമയം നീട്ടിയതായി അറിയിച്ചത്. ടിക്കെറ്റെടുത്ത് അകത്തു കയറാൻ കഴിയാതിരുന്ന ആരാധകരെല്ലാം കരഘോഷത്തോടെയാണ് ഈ തീരുമാനത്തെ സ്വീകരിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.