ബാഴ്‌സലോണ യുവതാരം ഗവിക്ക് വമ്പന്‍ ഓഫറുമായി ലിവര്‍പൂള്‍

ബാഴ്‌സോലണയുടെ സ്പാനിഷ് യുവതാരം ഗവിക്ക് വന്‍ ഓഫറുമായി പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ലിവര്‍പൂള്‍. താരം നിലവില്‍ ബാഴ്‌സലോണയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ അന്‍പത് ഇരട്ടി ശമ്പളമാണ് ലിവര്‍പൂള്‍ ഗവിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവില്‍ 1600 യൂറോയാണ് ഗവിക്ക് ബാഴ്‌സലോണയില്‍ നിന്ന് ഒരാഴ്ച ലഭിക്കുന്ന വേതനം.
എന്നാല്‍ ഇതിന്റെ അന്‍പത് ഇരട്ടിയായ 96,000 യൂറോയാണ് ഒരാഴ്ചയില്‍ ഗവിക്ക് ലിവര്‍പൂള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്‍ നാഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ബാഴ്‌സോലണ ലിവര്‍പൂളിന്റെ ഓഫര്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.
സാമ്പത്തക പ്രശ്‌നം കാരണം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ക്യാമ്പ് നൗവിലെത്തിച്ച ഫെറാന്‍ ടോറസിനെ ഇതുവരെയും രജിസ്റ്റര്‍ ചെയ്യാന്‍ കാറ്റാലന്‍ ക്ലബിന് കഴിഞ്ഞിട്ടില്ല. ഇതിനായി ഫിലിപ്പ് കൂട്ടീഞ്ഞോയെ പ്രീമിയര്‍ ലീഗ് ക്ലബായ ആസ്റ്റണ്‍ വില്ലയിലേക്ക് ലോണില്‍ വിടുകയും ചെയ്തിരുന്നു. എന്നിട്ടും ഇതവരേയും ബാഴ്‌സലോണ ടോറസിനെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
11ാം വയസില്‍ ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിലെത്തിയ ഗവി 2020 സെപ്റ്റംബറിലായിരുന്നു ബാഴ്‌സലോണയില്‍ പ്രൊഫഷനല്‍ കരാര്‍ ഒപ്പിട്ടത്. ആദ്യം ബാഴ്‌സലോണയുടെ ബി ടിമില്‍ കളിച്ച ഗവി ഉടന്‍ തന്നെ സീനിയര്‍ ടീമിലും ഇടം നേടി. ബാഴ്‌സലോണയില്‍ നടത്തിയ മികച്ച പ്രകടനം കാരണം ദേശീയ ടീമിലും ഗവിക്ക് പെട്ടെന്ന് അവസരം ലഭിച്ചിരുന്നു. മെസ്സി ക്ലബ് വിട്ടതിന് ശേഷം ബാഴ്‌സോലണയുടെ മധ്യനിരയിലെ പ്രധാന സാന്നിധ്യമാണിപ്പോള്‍ ഗവി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.